farm-tourisam
ചേകാടിയിലെ ഫാം ടൂറിസം

പുൽപ്പളളി: കാർഷിക സംസ്‌കൃതിയും ഗോത്ര പൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്തു പിടിച്ച പുൽപ്പളളി ചേകാടിയിൽ ഫാം ടൂറിസവുമായി കർഷകർ. സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ ഇടംപിടിച്ച സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ ഒന്നാണ് ചേകാടി . 90 ശതമാനവും ഗോത്ര വിഭാഗങ്ങൾ തിങ്ങിപാർക്കുന്ന ചേകാടി പ്രകൃതി ഭംഗിയാൽ സമ്പന്നമാണ്. കൃഷിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന നാടാണ് ചേകാടി. നൂറ്റാണ്ടുകളായി കൃഷിയെ സംരക്ഷിച്ച് പോരുന്ന നാട്ടിൽ വിഷം തൊടാത്ത പച്ചക്കറികൾ ലഭിക്കും.

ചേകാടിയിലെ കർഷകനായ വിശ്വമന്ദിരം അജയകുമാർ നാടൻ നെല്ലിനമായ ഗന്ധകശാല അരിയുടെ ഉപ്പുമാവും നെയ്‌ചോറും നാടൻകോഴിക്കറിയുമെല്ലാം ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കായി നൽകുന്നു. ഈയടുത്ത് ആരംഭിച്ച സംരംഭം വിജയപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. പരമ്പരാഗത നെല്ലിനമായ ഗന്ധകശാല കൃഷി ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ചേകാടി. സ്വാഭാവിക വനത്തിലൂടെയുള്ള യാത്രയും വിശാലമായ പാടശേഖരങ്ങളുമെല്ലാം ഇവിടെയെത്തുന്നവരുടെ മനം കവരുന്നു. നൂറോളം ആദിവാസി കുടുംബങ്ങളാണ് ചേകാടിയിലുള്ളത്. ബാക്കിയുള്ളവർ ചെട്ടി വിഭാഗമാണ്. മൂന്ന് ഭാഗവും വനവും ഒരു ഭാഗം കബനിയുമാണ്. സ്ട്രീറ്റ് ടൂറിസം പദ്ധതി വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.

കുറുവാദ്വീപിന്

എന്ന് പുനർജനി

കുറുവയിൽ വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാദ്വീപ് അടഞ്ഞിട്ട് ഏഴ് മാസം. കുറുവയിലെ താത്ക്കാലിക ജീവനക്കാരനായിരുന്ന പോൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പതിനൊന്നോളം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ട കൂട്ടത്തിലാണ് കുറുവയ്ക്കും പൂട്ട് വീണത്. വനസംരക്ഷണസമിതിയ്ക്ക് കീഴിൽ മുപ്പതിൽപരം തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഗോത്രവർഗ വിഭാഗത്തിൽപെട്ടവരായിരുന്നു തൊഴിലാളികളിൽ ഭൂരിഭാഗവും. പ്രകൃതിദത്ത കാഴ്ചകളായിരുന്നു കുറുവയുടെ പ്രത്യേകത. രണ്ട് കോടിയോളം പ്രതിവർഷം ദ്വീപിൽ നിന്ന് വരുമാനം ലഭിച്ചിരുന്നു.ഈ തുക ഉപയോഗപ്പെടുത്തി വനം വകുപ്പിന്റെ വിവിധ വികസന കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിരുന്നു. ദ്വീപ് അടച്ചിട്ടതോടെ കാട്ടുമൃഗങ്ങൾ ചേക്കേറിയിരിക്കുകയാണ്. ലക്ഷങ്ങൾ മുതൽ മുടക്കി നിർമ്മിച്ച ചങ്ങാടങ്ങളും നശിക്കുകയാണ്. സന്ദർശകർക്കുള്ള മുള പാലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ദ്വീപിലേക്കുള്ള വഴിയിൽ നട്ടുപിടിപ്പിച്ച മരതൈകൾ എന്നിവയെല്ലാം നശിക്കുന്നു. സന്ദർശകരെ ആശ്രയിച്ച് നിരവധി കച്ചവട സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ കാര്യവും കഷ്ടമാണ്. വയനാടൻ ടൂറിസത്തെ പുത്തൻ ഉണർവിലേയ്ക്ക് നയിക്കുന്നതിനായി സർക്കാരും ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ശ്രമിക്കുമ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് പ്രതികൂല പ്രതികരണമാണ് ഉണ്ടാക്കുന്നത്.