പേര്യ ചുരം റോഡ് അടച്ചിട്ട് രണ്ടുമാസം
തലപ്പുഴ (വയനാട്): വയനാടിനെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽചുരം റോഡ് തകർച്ചയിൽ. ഏത് നിമിഷവും പാൽചുരം റോഡ് ഇടിഞ്ഞുവീണേക്കാം. നൂറ്റാണ്ടുകൾ പഴക്കമുളള പേര്യ ചുരം റോഡിൽ നാലാം വളവിന് മുകളിൽ ശക്തമായ വിളളൽ രൂപപ്പെട്ടതിനെ തുടർന്ന് ജൂലായ് 30ന് അടച്ചതോടെ കണ്ണൂർ ജില്ലയിൽ നിന്ന് വയനാട് വഴിയുളള മുഴുവൻ വാഹനങ്ങളും കടന്നു പോകുന്നത് കൊട്ടിയൂർ പാൽചുരം റോഡ് വഴിയാണ്. പൊതുവെ അപകട ഭീഷണിയുളള പാൽചുരം റോഡിലുണ്ടായ തകർച്ച അപകട ഭീതി ഉയർത്തുകയാണ്. അഞ്ച് കിലോമീറ്ററിനുളളിൽ അഞ്ച് മുടിപ്പിൻ വളവുകളാണ് പാൽചുരത്തിനുളളത്. വീതി കുറഞ്ഞ ചുരം പാതയിൽ സംരക്ഷണ ഭിത്തിയുമില്ല. കണ്ണൊന്ന് തെറ്റിയാൽ കൊക്കയിലായിരിക്കും. 85 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞ ഒക്ടോബറിൽ പാൽചുരം പാതയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. എന്നാൽ പേര്യ ചുരം അടച്ചതിനെ തുടർന്ന് കണ്ണൂർ ഭാഗത്തേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാക്കിയതോടെ പാൽചുരം പാത പൂർണമായും തകർന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി ഭാഗങ്ങളിലുളളവർ കൂടുതലായും പാൽചുരത്തെയാണ് ഉപയോഗിക്കുന്നത്. നിടുംപൊയിൽ, കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളിലുളളവർക്ക് ആശ്രയം പേര്യ ചുരവുമായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ചെങ്കല്ലുകൾ വൻ തോതിൽ എത്തുന്നത് പാൽചുരം വഴിയാണ്. നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പേര്യ ചുരം റോഡിന്റെ പ്രവൃത്തി നടത്തിയില്ലെങ്കിൽ പാൽചുരം പാതയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.