uparotham
ചേരമ്പാടിയിലെ ചുങ്കം ഭാഗത്ത് നടന്ന റോഡ് ഉപരോധം

സുൽത്താൻ ബത്തേരി: ഇന്നലെ രാവിലെ ചേരമ്പാടിയിലെ കർഷകനായ ചപ്പക്കോട് പള്ളിത്തൊടിയിൽ കുഞ്ഞുമൊയ്തീൻ (60) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ചേരമ്പാടിയിൽ വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. രോക്ഷാകുലരായ ജനങ്ങൾ ബത്തേരി ചേരമ്പാടി റോഡും, കോഴിക്കോട് റോഡും നീണ്ട ഏഴരമണിക്കൂറോളം ഉപരോധിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോട് കുടിയാണ് കർഷകനായ കുഞ്ഞുമൊയ്തിനെ വീടിന് സമീപത്ത് വെച്ച് കാട്ടാന കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസം മുമ്പാണ് ചപ്പകോട് ഭാഗത്തുള്ള കുമാർ, സുനിത എന്നിവരെ കാട്ടാന കൊന്നത്. അന്ന് പ്രതിഷേധവുമായി രംഗത്ത് വന്ന ജനതയോട് വനം വകുപ്പ് ഉറപ്പ് നൽകിയതാണ് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും. എന്നാൽ ഇത് രണ്ടും നടപ്പിലായില്ലെന്ന് മാത്രമല്ല കാട്ടാന ശല്യം അടിക്കടി മേഖലയിൽ വർദ്ധിച്ചു വരുകയുമാണ്. ഇതിനെതിരെ നിരന്തരം ജനങ്ങൾ പരാതിയുമായി വനം വകുപ്പിനെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അതിനിടെയാണ് ഇന്നലത്തെ സംഭവം. കുഞ്ഞുമൊയ്തീനടക്കം നീലഗിരി മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 70 പേരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന്റെ രണ്ട് ഇരട്ടി ആളുകളാണ് ആക്രമണത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. വന്യമൃഗങ്ങളെ കൊണ്ട് നിലഗിരി മേഖലയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. പകൽ പോലും ജനവാസമേഖലയിലാണ് വന്യമൃഗങ്ങൾ തമ്പടിച്ചിരിക്കുന്നത്. ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന ആനകളെ തുരത്താൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണ് കുഞ്ഞുമൊയ്തീന്റെ മരണം.
ഇനിയും വന്യമൃഗങ്ങൾക്ക് മനുഷ്യരെ ബലികൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഇന്നലെ ചേരമ്പാടിയിലെ ജനങ്ങൾ റോഡ് ഉപരോധവുമായി രാഗത്തിറങ്ങിയത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതിരിക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ സംവിധാനം ഏർപ്പെടുത്താതെ സമരം അവസാനിപ്പിക്കുകയില്ലെന്ന് ജനങ്ങൾ ശഠിച്ചതോടെയാണ് ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭു ആർ.ഡി.ഒ സെന്തിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയത്. ശല്യക്കാരായ കാട്ടാനകളെ കുങ്കിയാനകളെ വെച്ച് കാട്ടിലേയ്ക്ക് തുരത്താമെന്നും പ്രതിരോധ സംവിധാനങ്ങളും, മേഖലയിൽ വനം വാച്ചർമാര വെച്ച് നിരീക്ഷണം എർപ്പെടുത്താമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.