കൽപ്പറ്റ: ഡി.സി.സിക്കെതിരെ രൂക്ഷ വിമർശനം നടത്തി യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ച കെ.കെ വിശ്വനാഥൻ മാസ്റ്റർക്കെതിരെ നടപടി വൈകുന്നതിൽ ഡി.സി.സി നേതൃത്വത്തിന് അതൃപ്ത്തി. കെ.കെ വിശ്വനാഥൻ മാസ്റ്റർക്കെതിരെ നടപടിവേണമെന്ന് പാർട്ടി നേതൃത്വത്തോടും മുന്നണിനേതൃത്വത്തോടും വയനാട് ഡി.സി.സി ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങൾ കഴിയുമ്പോഴും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ജില്ലാ യു.ഡി.എഫ് കൺവീനറായിരുന്ന കെ.കെ വിശ്വനാഥൻ മാസ്റ്റർ ഡി.സി.സി നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തി സ്ഥാനം രാജിവെച്ചത്. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെതിരെയായിരുന്നു വിമർശനം. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും യോഗങ്ങളിൽ പങ്കെടുക്കാനായി മുതിർന്ന നേതാക്കൾ ജില്ലയിൽ എത്തുന്ന തൊട്ടുതലേ ദിവസമായിരുന്നു വാർത്താസമ്മേളനത്തിലൂടെ വിമർശനം ഉന്നയിച്ചത്.
ഡി.സി.സി പ്രസിഡന്റിനെതിരെ വ്യക്തിപരമായ ആരോപണങ്ങളും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ജില്ലയിൽ എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളും വിശ്വനാഥൻ മാസ്റ്ററുടെ രാജിയെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതുമില്ല. ഡി.സി.സിക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ പ്രസ്താവന നടത്തിയ വിശ്വനാഥൻ മാസ്റ്റർക്കെതിരെ നടപടിവേണമെന്ന് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പകരം കൺവീനർ ചുമതലപ്പെടുത്താനും തയ്യാറായിട്ടില്ല. ചികിത്സ ആവശ്യാർത്ഥം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാനന്തവാടിയിലുണ്ട്. കെ.കെ വിശ്വനാഥനെതിരെ വൈകാതെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കെ.കെ വിശ്വനാഥൻ മറ്റേതോ പാർട്ടിയിൽ ചേക്കേറാനുള്ള നീക്കമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം പാർട്ടി വിടാനുള്ള ആലോചനയില്ലെന്ന് കെ.കെ വിശ്വനാഥൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.