 
സുൽത്താൻ ബത്തേരി: സീസണായാൽ കാട്ടുനെല്ലിക്ക ഗോത്ര ജനതയുടെ ജീവിത മാർഗമാണ്. ദേശീയപാതയോരത്ത് നിരവധി ഗോത്ര കുടുംബങ്ങളാണ് നെല്ലിക്ക വിൽപ്പനയുമായി ഇറങ്ങിയിരിക്കുന്നത് . പൊൻകുഴി ഊരുകളിലെ കുടുംബങ്ങളാണ് കവറുകളിലാക്കിയ കാട്ടു നെല്ലിക്ക വിൽപ്പന നടത്തുന്നത്. പൊൻകുഴി ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രതീക്ഷിച്ചാണ് സ്ത്രീകളും കുട്ടികളടക്കമുള്ളവർ നെല്ലിക്കയുമായി നിലകൊള്ളുന്നത്. നെല്ലിക്ക നിറച്ച കവറുകൾ വാഹനങ്ങൾക്ക് നേരെ നീട്ടിപിടിച്ച് വിളിച്ചു പറഞ്ഞാണ് യാത്രക്കാരെ ആകർഷിക്കുന്നത്.
രക്ഷിതാക്കളും കുട്ടികളും ഒന്നിച്ചാണ് പാതയോരത്ത് നെല്ലിക്ക വില്പനയിൽ ഏർപ്പെട്ടിരിക്കുന്നത്. ഉൾവനത്തിൽപോയാണ് ഇവർ ഔഷധ ഗുണം ഏറെയുള്ള നെല്ലിക്ക ശേഖരിച്ച് കോളനികളിൽ എത്തിക്കുന്നത്. പിന്നീട് ഇവ അരക്കിലോയുടെ കവറുകളിൽ ആക്കും. ഇതാണ് 50 രൂപ തോതിൽ വിൽക്കുന്നത്. ഒരു ദിവസം 50 കിലോ നെല്ലിക്ക വരെ വില്പന നടത്തുന്നവർ ഇവിടെയുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഇവർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.