jaseela

താളൂർ (തമിഴ്നാട്): മനഃശാസ്ത്ര സിദ്ധാന്തങ്ങൾ വേഗത്തിൽ പറഞ്ഞ് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോർഡ്സ് സ്വന്തമാക്കി ജസീല തസ്നിം. 15 മനഃശാസ്ത്ര സിദ്ധാന്തങ്ങൾ വളരെ വേഗത്തിൽ പറഞ്ഞാണ് ഈ മിടുക്കി റെക്കോർഡ് സ്വന്തമാക്കിയത്. വെറും 10 മിനിട്ടിലാണ് തസ്നിം 15 തിയറികൾ പറഞ്ഞത്.

താളൂർ നീലഗിരി കോളേജിൽ നിന്ന് ബി.എസ്‌സി സൈക്കോളജി പൂർത്തിയാക്കി പെരിയാർ സർവകലാശാലയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ പഠിച്ചുകൊണ്ടിരിക്കുകയാണ് തസ്നിം. മനഃശാസ്ത്ര മേഖലയിൽ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന തോന്നലാണ് തസ്നിമിനെ സൈക്കോളജി പാഠ്യ വിഷയമാക്കാൻ പ്രേരിപ്പിച്ചത്. നിരന്തര പ്രയത്നത്തിലൂടെയാണ് റെക്കോർഡ് സ്വന്തമാക്കിയതെന്നും അതിൽ ഏറെ സന്തോഷവതിയാണെന്നും ജസീല തസ്നിം പറഞ്ഞു.

വയനാട് വടുവൻചാൽ സ്വദേശി കരിമ്പൻതൊടി ഹനീഫയുടെയും ഉമൈമത്തിന്റെയും മകളാണ്. എരുമാട് സ്വദേശി റാഹിൽ ആണ് ഭർത്താവ്. ഹോപ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് തസ്നിം. സാമൂഹിക സാംസ്‌കാരിക മേഖലയിൽ സജീവമായ തസ്നിം ഇതിനോടകം നിരവധിയാളുകൾക്ക് സ്‌കിൽ ഡെവലപ്‌മെന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ പരിശീലനം നൽകിയിട്ടുണ്ട്.