vishnu

ആലപ്പുഴ: പുന്നപ്ര പത്താം വാർഡിൽ വൃന്ദാവനം വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണുവിനെ (25) ചരക്കു കപ്പലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ മലേഷ്യൻ കടലിൽ കാണാതായിട്ട് 40ദിവസം പിന്നിട്ടിട്ടും സൂചനകളൊന്നും ലഭിക്കാതിരിക്കെ,കണ്ണീർക്കയത്തിലാണ്

കുടുംബം.

നാലു മുമ്പാണ് സെൻസായി മറൈൻ കമ്പനിയുടെ എസ്.എസ്.ഐ റിസല്യൂട്ടെന്ന ചരക്ക് കപ്പലിൽ വിഷ്ണു ജോലിക്ക് കയറിയത്. ജൂലായ് 17ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് നിന്ന് സിംഗപ്പൂർ വഴി ചൈനയിലേക്ക് പോകുംവഴി രാത്രി 9.45ന് ഇൻഡോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള മലാക്കാ സ്ട്രൈറ്റിൽ വിഷ്ണു കടലിൽ വീണതായാണ് കപ്പൽ കമ്പനി വീട്ടുകാരെ അറിയിച്ചത്. ഉറങ്ങാനായി ക്യാബിനിലേക്ക് പോയ വിഷ്ണുവിന്റെ ചെരുപ്പുകൾ കപ്പലിൽ കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന്

ഏതാനും ചുവടുകൾ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും ഷിപ്പിംഗ് കമ്പനി വീട്ടുകാരെ അറിയിച്ചിരുന്നു.നാട്ടിലെത്തിച്ച ബാഗിൽ നിന്നെടുത്ത മകന്റെ വസ്ത്രങ്ങൾ കഴുകി ഉണക്കി വച്ച് കാത്തിരിക്കുന്ന അമ്മ സിന്ധുവും കൂടെപ്പിറപ്പിന്റെ ഫോൺകോളിനായി കാത്തിരിക്കുന്ന വൃന്ദയും നാട്ടുകാർക്കും ബന്ധുക്കൾക്കും നൊമ്പരക്കാഴ്ചയാണ്.

കപ്പലിൽ ക്യാമറയില്ല

ക്യാമറ സംവിധാനമില്ലാത്ത ചരക്കു കപ്പലിൽ രാത്രി ഉറങ്ങാൻ കിടന്ന വിഷ്ണു അടുത്ത ദിവസം രാവിലെ അലാം മുഴങ്ങിയിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴാണ് തെരച്ചിൽ ആരംഭിച്ചത്.കപ്പൽ കമ്പനിയുടെ പരാതിയിൽ സിംഗപ്പൂർ പൊലീസ് കേസെടുത്തെങ്കിലും കാര്യമായ തെരച്ചിലുണ്ടായില്ല. മണിക്കൂറിൽ 25 കിലോമീറ്റ‌ർ വേഗത്തിൽ സഞ്ചരിക്കുന്ന കപ്പൽ സംഭവ ശേഷം 200 കിലോമീറ്ററോളം സഞ്ചരിച്ചെങ്കിലും 43 കിലോമീറ്ററിലാണ് മലേഷ്യൻ കോസ്റ്റൽ സംഘം തെരച്ചിൽ നടത്തിയത്.

കൈയൊഴിഞ്ഞ് സർക്കാർ

തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ഇന്തോനേഷ്യൻ- മലേഷ്യൻ സർക്കാരുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രിമാർ മുതൽ ജില്ലാ പൊലീസ് മേധാവിവരെയുള്ളവർക്ക് സമർപ്പിച്ച അപേക്ഷകളിൽ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് റിട്ട.ലീഗൽ മെട്രോളജി ജീവനക്കാരൻ കൂടിയായ വിഷ്ണുവിന്റെ പിതാവ് ബാബു പറയുന്നു. എംബസികൾ മുഖാന്തിരം മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും സർക്കാരുകൾക്ക് മേൽ ശക്തമായ സമ്മ‌ർദ്ദം ഉണ്ടാകാത്തതാണ് തെരച്ചിൽ ശക്തമാകാത്തതിന് കാരണമെന്നാണ് പരാതി. കടലിൽ വീണ വിഷ്ണു വിദേശ പൊലീസിന്റെയോ കോസ്റ്റ് ഗാർഡിന്റെയോ പിടിയിലായിട്ടുണ്ടോയെന്ന ആശങ്കയും വീട്ടുകാർക്കുണ്ട്.