a

അദ്ധ്വാനിച്ചു വിളയിച്ച നെല്ല് വിൽക്കുമ്പോൾ കിട്ടുന്നത് പുതിയ കടം! നെല്ല് സംഭരണത്തിൽ പി.ആർ.എസ് (പാഡി റെസീപ്റ്റ് ഷീറ്റ് ) വാങ്ങി ബാങ്കുകൾ വായ്പയായി പണം നൽകുന്നതിലൂടെയാണ് പുതിയ കടം കയറുന്നത്. ഈ വായ്പയും പലിശയും സർക്കാർ അടയ്ക്കുമെങ്കിലും അതിന് വലിയ കാലതാമസം വരും. ഇതോടെ സിബിൽ സ്കോർ കുറയുകയും കർഷകന് മറ്റൊരു വായ്പയും ലഭിക്കാത്ത സ്ഥിതിയുമാകും. നെല്ലുവില നൽകുന്നതിന് കർഷകനെ ഈടാക്കി കടം എടുക്കുന്നുവെന്നു മാത്രമല്ല, കടം തിരിച്ചടയ്ക്കാത്ത ബാദ്ധ്യതക്കാരനായി കർഷകൻ മാ​റുകയും ചെയ്യും. വിഷു കഴിഞ്ഞ് ഓണവും കടന്നുപോയാലും വിഷുവിനു മുമ്പ് കൊയ്ത നെല്ലിന്റെ വില വിതരണം ചെയ്യില്ല.

മകളുടെ നഴ്സിംഗ് പഠനത്തിന് ലോണിനായി കുട്ടനാട്ടിലെ ബാങ്കിലെത്തി,​ വേദനയോടെ മടങ്ങേണ്ടിവന്ന സേവ്യറും (പേര് യഥാർത്ഥമല്ല)​,​ പുതിയ മോഡൽ ബൈക്ക് വാങ്ങാൻ ഷോറൂമിലെത്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ അപമാനത്തിനിരയായ സുരേഷുമെല്ലാം പി.ആർ.എസ് വായ്പയിൽ ഇടിഞ്ഞ സിബിൽ സ്കോറിന്റെ ഇരകളാണ്.

മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന്, വിവാഹത്തിന്, വീടിന്റെ അറ്റകുറ്റപ്പണിക്ക്... എന്തിന്,​ കാർഷിക ആവശ്യത്തിനുള്ള ചെറുകിട ലോണുകൾക്കു പോലും സിബിൽ സ്കോർ ഇടി‍ഞ്ഞെന്ന പേരിൽ ബാങ്കിൽ നിന്ന് ആട്ടിയിറക്കപ്പെടുന്ന കർഷകന്റെ ആത്മാഭിമാനത്തിന് ആര് ഉത്തരം പറയും?വിത്തും കൈക്കോട്ടുമല്ല,​ പി.ആർ.എസും സിബിൽ സ്കോറുമാണ് തങ്ങളുടെ കൃഷിയെ സ്വാധീനിക്കുന്നതെന്ന് കുട്ടനാട്ടിലെ കർഷകർ ഇപ്പോഴാണ് അറിയുന്നത്.

താങ്ങാകാത്ത

താങ്ങുവില

നാമമാത്രമെങ്കിലും,​ നെല്ലിന് വർഷംതോറും കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവില കേരളത്തിലെ കർഷകർക്ക് അടുത്തിടെയൊന്നും ആശ്വാസമായിട്ടില്ല. കേന്ദ്രം ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച 1.17 രൂപ വർദ്ധന നടപ്പാക്കാൻ തീരുമാനം കൈക്കൊള്ളാത്ത സർക്കാ‌ർ കഴിഞ്ഞ തവണ പ്രഖ്യാപിച്ച 1.43 രൂപ കവർന്നെടുത്ത് സംസ്ഥാന വിഹിതത്തിൽ ആ തുക വെട്ടിക്കുറച്ചു. ഇതോടെ സംസ്ഥാന വിഹിതം 6.37 രൂപയായി. ഇതനുസരിച്ച് പത്ത് ക്വിന്റൽ നെല്ല് വിൽക്കുന്ന കർഷകന് 1430 രൂപയാണ് നഷ്ടമാകുന്നത്. കേന്ദ്രം വിഹിതം കൂട്ടിയ സാഹചര്യത്തിൽ കേരളത്തിൽ കിലോയ്ക്ക് വില 29.63 രൂപ ആകണം. പക്ഷേ,​ ഇപ്പോഴും കിട്ടുന്നത് 28.20 രൂപ!

ചൂഷണത്തിന്

പല മുഖം

കൊയ്ത്ത് സീസൺ ആരംഭിക്കും മുമ്പേ കഴുകൻകണ്ണുകളുമായി കുട്ടനാട്ടിൽ കൊയ്ത്ത് മെഷീൻ ഏജന്റുമാരും മില്ലുകാരും വട്ടംചുറ്റും. ഏക്കറിന് 2000- 2500 രൂപവരെ നിരക്കിൽ കരാറിൽ ഏർപ്പെടുന്ന കൊയ്ത്ത് മെഷീൻകാർ അപ്രതീക്ഷിതമായെത്തുന്ന മഴയുടെ പേരിൽ കൊയ്ത്ത് മുടക്കും. നനയുന്ന നെല്ലിന് ഈർപ്പത്തോതിന്റെ പേരിൽ മില്ലുകാർ കിഴിവ് ചോദിക്കും. മഴനനഞ്ഞും കിളിർത്തും നശിക്കുന്ന നെല്ലിന്റെ പേരിൽ വിലപേശി ഒരു ക്വിന്റലിന് 25 കിലോ വരെ കിഴിവ് വാങ്ങുന്ന മില്ലുകാർ കർഷകരെ കുത്തുപാളയെടുപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

തകഴിയിൽ റൈസ് മില്ലും ചെങ്ങന്നൂരിൽ റൈസ് പാർക്കും നെല്ല് സംഭരണത്തിന് റിവോൾവിംഗ് ഫണ്ടുമുൾപ്പെടെ ആണ്ടോടാണ്ട് ബഡ്‌ജറ്റിൽ വാഗ്ദാനങ്ങൾക്ക് പഞ്ഞമില്ലെന്നതൊഴിച്ചാൽ കർഷകന്റെ കണ്ണീരൊപ്പാൻ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പാടശേഖര സമിതികൾക്കും ക‌ർഷക സംഘങ്ങൾക്കും സ്വന്തമായുണ്ടായിരുന്ന കൊയ്ത്ത് മെഷീനുകൾ എവിടെയാണെന്ന കാര്യത്തിൽ കൃഷി വകുപ്പിന് കൃത്യമായ ഉത്തരമില്ല.

നെൽവില കേന്ദ്ര- സംസ്ഥാന

വിഹിതം സഹിതം

(വർഷം,​ കിലോയ്ക്ക് കേന്ദ്ര വിഹിതം,​ സംസ്ഥാന വിഹിതം,​ കർഷകന് കിട്ടുന്നത് എന്ന ക്രമത്തിൽ)

2015-16............. 14.10,​ 7.40,​ 21.50

2016-17............. 14.70,​ 7.80,​ 22.50

2017-18.............. 15.50,​ 7.80,​ 23.30

2018-19...............17.50,​ 7.80,​ 25.30

2019-20...............18.15,​ 8.80,​ 26.95

2020-21.............. 18.68,​ 8.80,​ 27.48

2021-22...............19.40,​ 8.60,​ 28.00

2022-23...............20.40,​ 7.80,​ 28.20

2023-24................21.83,​ 6.37, ​28.20

(നാളെ : കണ്ണീരുണങ്ങാതെ പ്രസാദിന്റെയും രാജപ്പന്റെയും കുടുംബം)