ആലപ്പുഴ : ശവക്കോട്ട - കൊമ്മാടി പാലങ്ങളെ ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറേക്കരയിലെ റോഡ്, കാന എന്നിവ പുതുക്കിപ്പണിയുന്ന ജോലികൾ പുരോഗമിക്കുന്നു. എ.എസ് കനാലിന്റെ പടിഞ്ഞാറേക്കരയിൽ 2.5 കിലോമീറ്റർ നീളത്തിലാണ് നിർമ്മാണം. കിഴക്കേക്കരയിലെ നവീകരണ ജോലികൾ പൂർത്തിയായി വാഹനഗതാഗതം ആരംഭിച്ചു.നിലവിലെ റോഡ് ഉയർത്തി കാനയോടുകൂടിയാണ് നിർമ്മാണം.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ആണ് നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്. മുൻമന്ത്രിമാരായ ജി.സുധാകരനും ഡോ.ടി.എം.തോമസ് ഐസകും മുൻകൈയെടുത്താണ് പദ്ധതി തയ്യാറാക്കിയത്. പി.പി.ചിത്തരഞ്ജന്റെ നേതൃത്വത്തിൽ തടസങ്ങൾ നീക്കി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ശവക്കോട്ട-കൊമ്മാടി പാലങ്ങൾ നവീകരിച്ച് നാടിന് സമർപ്പിച്ചിരുന്നു. ശവക്കോട്ടപാലത്തിന് സമാന്തരമായി ഉള്ള ആർച്ച് മോഡലിലെ നടപ്പാലത്തിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.
നടപ്പാതയും വൈദ്യുതി ലൈറ്റുകളും
1.രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാൻ കഴിയുന്ന വീതിയിലും ഇരുവശത്തും നടപ്പാതയോടെയുമാണ് നിർമ്മാണം
2.നടപ്പാത ടൈൽപാകി മനോഹരമാക്കുന്നതോടൊപ്പം കനാൽക്കരയിൽ വൈദ്യുതി ലൈറ്റുകൾ സ്ഥാപിക്കും
3.നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും
റോഡിന്റെ നീളം : 2.5കിലോമീറ്റർ
നടപ്പാത : 1.5മീറ്റർ
എന്ന് വരും പെഡൽ ബോട്ടിംഗ്
നവീകരണം പൂർത്തീകരിക്കുന്നതോടെ ശുചീകരിച്ച എ.എസ് കനാലിലൂടെ കലവൂർ വരെ പെഡൽ ബോട്ടിംഗ് സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. എന്നാൽ നവീകരിച്ച കനാൽ ഇപ്പോൾ വള്ളിപ്പുല്ലുകൾ നിറഞ്ഞനിലയിലാണ്.