local

മുഹമ്മ : കാടുകയറി ഇഴജന്തുക്കളുടെ കേന്ദ്രമായിരുന്ന സ്ഥലത്ത് ഇപ്പോൾ തലയുയർത്തി നിൽക്കുന്നത് സാംസ്കാരിക നിലയം! ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡി വിഷനിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ 22 ാംവാർഡിലാണ് നാട്ടുകാരുടെ നിരന്തര പരാതിക്കുംപരിഭവങ്ങൾക്കും അറുതിവരുത്തിക്കൊണ്ട് സാംസ്കാരിക നിലയം ഉയർന്നത്. വ്യവസായ വകുപ്പ് വാങ്ങി തീരദേശ വനിതാ ഹാന്റിക്രാഫ്റ്റ് ഹരിജൻ സൊസൈറ്റിക്ക് കൈമാറിയ സ്ഥലമാണ് കാടുപിടിച്ചുകിടന്നത്. ഇഴജന്തുക്കൾ ഇവിടം താവളമാക്കിയതോടെ നാട്ടുകാരുടെ പരാതിയും ശക്തമായി. ഇതേടെയാണ് ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് എസ്.സി ഫണ്ടിൽ നിന്ന് സാംസ്കാരിക നിലയത്തിനായി 37 ലക്ഷം രൂപ അനുവദിച്ചത്. അവിടമാകെ വൃത്തിയാക്കി കെട്ടിടനിർമ്മാണം ആരംഭിച്ചെങ്കിലും പലവിധ നിയമ തടസങ്ങൾ നേരിടേണ്ടിവന്നു. ഒടുവിൽ അതെല്ലാം നീക്കി സാംസ്കാരിക നിലയം പൂർത്തിയായതോടെ നാട് വലിയ ആഹ്ളാദത്തിലായി. ഇവിടെ ഇപ്പോൾ പൂന്തോട്ടമൊരുക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ അംഗങ്ങൾ.

പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ

പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് വേണ്ടിയുളള നിരന്തര പ്രവർത്തനങ്ങളാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തികൊണ്ടിരിക്കുന്നതെന്നും മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ആലപ്പുഴ ജില്ലാപഞ്ചായത്ത് ഏറ്റെടുക്കുന്നുണ്ടെന്നും സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ ജി.അനിൽ കുമാറിനെയും സൊസൈറ്റിയുടെ രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് സഹായിച്ച ശോഭയെയും മന്ത്രി ആദരിച്ചു. സാംസ്കാരിക നിലയത്തിന്റെ മുന്നിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ആര്യാട് ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുയമോൾ, ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ഉദയമ്മ, ഗ്രാമപഞ്ചായത്ത് അംഗം എം.വി.സുനിൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ.റിയാസ് സ്വാഗതവും തീരദേശ വനിതാ ഹാന്റിക്രാഫ്റ്റ് ഹരിജൻ സൊസൈറ്റി പ്രസിഡന്റ് മണിയമ്മ നന്ദിയും പറഞ്ഞു.

ചെലവ്: ₹ 37ലക്ഷം

വിസ്‌തീർണ്ണം: 1500 സ്‌ക്വയർ ഫീറ്റ്

300 പേർക്ക് ഇരിക്കാവുന്ന ഹാൾ,​

ഓഫീസ്,​ ടോയ്ലറ്റ്