
ഉദ്ഘാടനം ഇന്ന്
മാവേലിക്കര : ബിഷപ്പ് മൂർ കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 3ന് പൂർവവിദ്യാർത്ഥിയും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.ടി.രവികുമാർ ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനാവും.
സി.എസ്.ഐ മദ്ധ്യകേരള മഹായിടവക 1964ലാണ് മാവേലിക്കര ബിഷപ്പ് മൂർ കോളജ് ആരംഭിച്ചത്. കല്ലുമലയിൽ ഓലമേഞ്ഞ മൂന്നു താൽക്കാലിക ഷെഡ്ഡുകളിൽ 469 വിദ്യാർത്ഥികളും 19അദ്ധ്യാപകരുമായി തുടങ്ങിയ കോളേജ്, 2024ൽ എൻ.ഐ.ആർ.എഫ് റാങ്കിങ് പട്ടിക പ്രകാരം ഇന്ത്യയിലെ മികച്ച കോളജുകളിൽ 62ാം സ്ഥാനം നേടി. സംസ്ഥാനത്ത് ഗ്രാമപ്രദേശത്തു നിന്ന് എൻ.ഐ.ആർ.എഫ് പട്ടികയുടെ ആദ്യ നൂറു റാങ്കുകളിൽ ഇടം പിടിച്ച ഏക കോളജും ബിഷപ്പ് മൂറാണ്.
തിരുവിതാംകൂർ-കൊച്ചി ഇടവകയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന എഡ്വേർഡ് ആൽഫ്രഡ് ലിവിംഗ്സ്റ്റൺ മൂറിന്റെ സ്‌മരാണർത്ഥമാണ് കോളജ് സ്ഥാപിതമായത്. ബിഷപ്പ് ഡോ.എം.എം.ജോണായിരുന്നു സ്ഥാപകൻ. പ്രൊഫ.കെ.സി.മാത്യുവായിരുന്നു സ്ഥാപക പ്രിൻസിപ്പൽ. സംസ്ഥാന സർക്കാരിൻ്റെ സാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ കോളേജാണ്. നാലാമത്തെ നാക് അക്രഡിറ്റേഷനിൽ എ പ്ലസും നേടി. 2022ലെ രണ്ടാമത്തെ മികച്ച ജൈവവൈവിധ്യ കോളേജ് അവാർഡ്, 2023ലെ ജില്ലാ ഗ്രീൻ ചാമ്പ്യൻസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോളേജിന് ലഭിച്ചിട്ടുണ്ട്.
പൂർവ്വ വിദ്യാർത്ഥികളായി പ്രഗത്ഭരും പ്രശസ്തരും
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാർ, ഐ.എ.എസ് ഓഫീസർമാരായ ഷീല തോമസ്, സിജി തോമസ്, പ്രേമചന്ദ്രക്കുറുപ്പ്, മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ എം.എസ്.അരുൺകുമാർ, പ്രമോദ് നാരായൺ, മുൻ എം.എൽ.എമാരായ എം.മുരളി, ആർ.രാജേഷ്, ബാബുപ്രസാദ് , ആത്മീയ നേതാക്കളായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, റൈറ്റ് റവ.ഡോ.ഐസക് മാർ ഫിലിക്സിനോസ്, സ്വാമി അമൃത സ്വരൂപാനന്ദ തുടങ്ങിയവർ ഉൾപ്പെടുന്നു