tur

തുറവൂർ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്തിയുറങ്ങിയ കുത്തിയതോട് പഞ്ചായത്ത് ഓഫീസ്, മഹാത്മാവിന്റെ ദീപ്തസ്മരണകളുമായി എന്നും നിലകൊള്ളുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഗാന്ധിയുടെ പുണ്യപാദസ്പർശമേറ്റ കുത്തിയതോട് ഗ്രാമത്തിന് അതൊരു ചരിത്രമാണ്.

1934 ജനുവരി 18നാണ് പാട്ടുകുളങ്ങരയിലുള്ള അന്നത്തെ താലൂക്ക് ബാങ്കിന്റെ ഓടിട്ട കെട്ടിടത്തിന്റെ ഓഫീസ് മുറിയിൽ ഒരു രാത്രി മഹാത്മാഗാന്ധി അന്തിയുറങ്ങിയത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് ആലപ്പുഴ ജില്ലയിൽ എത്തിയപ്പോഴായിരുന്നു അത്.

റോഡ് മാർഗമാണ് ഗാന്ധിജി എത്തിയത്. ബാങ്ക് കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തെ പുരയിടത്തിൽ നടന്ന യോഗത്തിൽ ഗാന്ധിജിയെ കാണാനും കേൾക്കാനും

ധാരാളം പേർ തടിച്ചുകൂടിയിരുന്നു.തന്റെ കോലാടും ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് ഇഷ്ട പാനീയമായ കോലാടിന്റെ പാൽ കുടിക്കാനായിരുന്നു അത്.

മേക്കോടത്ത് കരുണാകരക്കുറുപ്പ്, കോളശേരി ശ്രീധരൻപിള്ള, കെ.ജി.ഗോപാലകൃഷ്ണൻ, വി.എ.ഗോപാലൻ നായർ തുടങ്ങിയവരായിരുന്നു സമ്മേളനത്തിന്റെ സംഘാടകർ.

ഓർമ്മയുടെ തെളിച്ചം

ഗാന്ധിജിയെ അന്ന് നേരിൽക്കണ്ട തലമുറയിലെ ഭൂരിഭാഗം പേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും,​ കുത്തിയതോട് നാളികാട് പുതുക്കാട്ടുവെളി വീട്ടിൽ ബാലകൃഷ്ണന്റെ മനസിൽ പ്രായത്തിന്റെ അവശതകൾക്കിടയിലും ഗാന്ധിജിയുടെ രൂപം തെളിമയോടെ നിൽക്കുന്നു.

ഗാന്ധിജി അന്തിയുറങ്ങിയ ബാങ്ക് കെട്ടിടം പിന്നീട് പഞ്ചായത്ത് വാങ്ങി. മഹാത്മാവിന്റെ കാൽപ്പാട് പതിഞ്ഞ ഓഫീസിനകത്ത് പീഠവും പഞ്ചായത്തിന് മുന്നിൽ പ്രതിമയും ഗ്രന്ഥശാലയും സ്ഥാപിച്ചു. സമീപ പഞ്ചായത്ത് ഓഫീസുകളെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങളായെങ്കിലും ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന ദേശീയപാതയ്ക്കരികിലെ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഓടിട്ട കെട്ടിടം ഇന്നും സംരക്ഷിച്ചു പോരുന്നു. ഗാന്ധിജയന്തി ദിനമായ ഇന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ജനപ്രതിനിധികളും വിവിധ സംഘടനങ്ങളും പുഷ്പാർച്ചന നടത്തും. ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമാകും.