
മാവേലിക്കരയിൽ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു
മാവേലിക്കര: മാവേലിക്കരയെ സുരക്ഷിത നഗരമാക്കാൻ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ പ്രവർത്തിക്കാതായിട്ട് ഒരു വർഷം കഴിഞ്ഞു.
എം.എൽ.എ ഫണ്ടിൽ നിന്ന് 35ലക്ഷം ചിലവാക്കി 23 ക്യാമറകളാണ് 2022ൽ സ്ഥാപിച്ചത്. ഇതിൽ 17 എണ്ണം മാവേലിക്കര നഗരസഭയിലും 6 എണ്ണം തഴക്കര പഞ്ചായത്തിലുമാണുള്ളത്. കൺട്രോൾ റൂം പ്രവർത്തിക്കുന്നത് മാവേലിക്കര പൊലീസ് സ്റ്റേഷനിലും.
മോഷ്ടാക്കൾ, വാഹനങ്ങളുടെ അമിതവേഗത, സ്ത്രീസുരക്ഷ, മാലിന്യ നിക്ഷേപം എല്ലാം നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ക്യാമറയുടെ കറണ്ട് ചാർജ്ജ് നഗരസഭ അടക്കണമെന്നായിരുന്നു ധാരണ.നഗരസഭയിലെ മിച്ചൽ ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാന്റ്, പ്രായിക്കര പാലം, പുതുയകാവ് ജംഗ്ഷൻ, കരയംവട്ടം, കല്ലുമല റെയിൽവേ ക്രോസ്, കെ.എസ്.ആർ.റ്റി.സി, ബുദ്ധ ജംഗ്ഷൻ, കോടതി ജംഗ്ഷൻ, പുളിമൂട് പാലം, തട്ടാരമ്പലം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
23
സ്ഥാപിച്ച ക്യാമറകൾ
വൈദ്യുതി ബിൽ അടയ്ക്കാതെ നഗരസഭ
 ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ക്യാമറകളുടെ പ്രവർത്തനം നിലച്ചു
 വൈദ്യുതി ബിൽ നഗരസഭ അടയ്ക്കാതിരുന്നതാണ് ഇതിന് കാരണം
 എന്നാൽ ഇത് വാർത്തയായതോടെ നഗരസഭ വൈദ്യുതക ബിൽ അടച്ചു
 തൊട്ടടുത്ത മാസം വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ നഗരസഭ കത്ത് നൽകി
 ഇപ്പോൾ ഒരു വർഷമായി ക്യാമറ പ്രവർത്തിക്കുന്നേയില്ല
ഒരു ഫോൺകാൾ അകലെ പരിഹാരം
ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ നഗരസഭ സെക്രട്ടറിക്കും ലഭിക്കുമെന്ന ഉറപ്പിലാണ് നഗരസഭ കൗൺസിൽ യോഗം വൈദ്യുതി ബിൽ അടക്കാൻ അനുമതി നൽകിയത്. എന്നാൽ ജീവനക്കാർ മാറിവന്നതോടെ വാക്കാലുള്ള ഈ ഉറപ്പ് കേട്ടവരാരും ഇല്ലാത്ത അവസ്ഥയായി. ഇനി നടപടി സ്വീകരിക്കേണ്ടത് ഇപ്പോഴത്തെ ഭരണകർത്താക്കളാണ്. ഒരു ഫോൺകോൾ അകലെ പരിഹാരം ഉണ്ടെങ്കിലും ആരും ഇതിന് ശ്രമിക്കുന്നില്ല
.