ആലപ്പുഴ : വീട്ടുജോലിക്കും പരിചരണത്തിനും സഹായികളെ ഇനി ഒരു ക്ലിക്കിൽ ലഭ്യമാകും. കുടുംബശ്രീയുടെ ക്വിക്ക് സെർവ് പദ്ധതി നടത്തിപ്പിന് മുന്നോടിയായി പോക്കറ്റ് ആപ്പ് തയ്യാറായി. വരും ദിവസങ്ങളിൽ ട്രയൽ റൺ നടക്കും. ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും നിരക്ക് അറിയാനും ആപ്പിലൂടെ സാധിക്കും. ജില്ലയിൽ ആലപ്പുഴ, കായംകുളം നഗരസഭകളിൽ ഈ മാസം പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതി വഴി കുടുംബശ്രീ ഒരുക്കുന്നത്. ആലപ്പുഴ, കായംകുളം നഗരസഭകളിലെ വനിതകളുടെ പരിശീലനം പൂർത്തിയായി. കുടംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റായി രജിസ്റ്റർ ചെയ്യും.

ഓരോ നഗരസഭാപരിധിക്കും പ്രത്യേകം ഫോൺ നമ്പർ ലഭ്യമാക്കാനും ആലോചനയുണ്ട്.

നഗരസഭാ സെക്രട്ടറി, സി.ഡി.എസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.

ഒറ്റ ക്ളിക്കിൽ സേവനങ്ങൾ എത്തും

1. വീട്ടുജോലികൾ ചെയ്യാൻ തയ്യാറുള്ള 60 വനിതകളെ കണ്ടെത്തി പരിശീലനം നൽകി

2.വരും ദിവസങ്ങളിൽ തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും

3.വീട് ശുചീകരണം, പാചകം, പരിചരണം, പ്രസവാനന്തര ശുശ്രൂഷ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും

4.പദ്ധതി പ്രാവർത്തികമാകുന്നതോടെ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണം, കാർ കഴുകൽ തുടങ്ങിയവും ഉൾപ്പെടുത്തും. 5.സേവനത്തിന്റെ നിരക്ക്, പ്രവർത്തകരുടെ ശമ്പളവും എന്നിവ തീരുമാനിക്കേണ്ടതുണ്ട്

തിരഞ്ഞെടുക്കാം

 ആവശ്യമുള്ള സേവനം

 സൗകര്യപ്രദമായ സമയം

 അടുത്തുള്ള സേവനദാതാക്കൾ

ക്വിക്ക് സെർവ് പദ്ധതിക്കുള്ള പോക്കറ്റ് ആപ്പ് തയാറാണ്. ട്രയൽ റൺ ഉടൻ നടക്കും. ഈ മാസം തന്നെ ആലപ്പുഴ നഗരസഭയിൽ പദ്ധതി ആരംഭിക്കും

- പി.പി.ശ്രീജിത്ത്, എൻ.യു.എം.എൽ സിറ്റി മിഷൻ മാനേജർ