മാന്നാർ: ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതിക്ഷേത്രത്തിൽ പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മഹാനവരാത്രി മഹോത്സവത്തിന് ഇന്ന് സമാരംഭം കുറിയ്ക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 13 വരെ വിശേഷാൽപൂജകളും ദേവീമാഹാത്മ്യപാരായണവും വൈകിട്ട് ഭക്തിഗാന സുധ, വീരനാട്യം, കൈകൊട്ടിക്കളി, വയലിൻ ഫ്യൂഷൻ, ഭജൻസ്, ഭക്തി ഗാനമേള, നൃത്തനൃത്യങ്ങൾ, തിരുവാതിര തുടങ്ങിയ കലാപരിപാടികളും വിവിധ ദിവസങ്ങളിലായി നടക്കും. 10 ന് വൈകിട്ട് 5 ന് പൂജവയ്പ്. 11 ന് വിദ്യാകീർത്തി പുരസ്കാരസമർപ്പണവും വിജയദശമിദിനമായ 13 ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും. 8.30 മുതൽ ക്ഷേത്രതന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാസാരസ്വതഹോമവും കലശവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് കുത്തിയോട്ടപാട്ടും ചുവടും നടക്കും. ക്ഷേത്രസമിതി ഭാരവാഹികളായ സജികുട്ടപ്പൻ, പ്രഭകുമാർ, ശിവൻപിള്ള, സജീവിശ്വനാഥൻ, അജിത്കുമാർ, അനിഷ, അർച്ചന, രാജേന്ദ്രൻ, ഗിരീഷ് എന്നിവർ അറിയിച്ചു.