
അരൂർ : കൊച്ചിയുടെ ഉപഗ്രഹ നഗരമെന്നറിയപ്പെടുന്ന അരൂർ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയില്ലാതായിട്ട് 6 മാസം. സെക്രട്ടറിയടക്കം നിർവഹണ ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ പഞ്ചായത്തിലെത്തുന്നവർക്ക് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ജൂനിയർ സൂപ്രണ്ട്, സീനിയർ യു.ഡി.ക്ലാർക്ക്, 2ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിലും ആളില്ല. ഒരു യു.ഡി.ക്ലാർക്ക് ദീർഘകാല ലീവിന് അപേക്ഷിച്ചിരിക്കുകയാണ്. ആകെ 18 സ്ഥിരം ജീവനക്കാർ ഉള്ള പഞ്ചായത്തിൽ 5 തസ്തികളിലാണ് ആളില്ലാത്തത്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറി മാർച്ച് മാസത്തിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി പോയതാണ്. തുടർന്ന് അദ്ദേഹം വോളണ്ടറി റിട്ടയർമെന്റായി. പകരം ആളെ നിയമിച്ചിട്ടില്ല. സെക്രട്ടറിയുടെയും ജൂനിയർ സൂപ്രണ്ടിന്റെയും ചുമതല നിലവിൽ വനിതാ അസി. സെക്രട്ടറിയ്ക്ക് നൽകിയിരിക്കുകയാണ്. കൃഷി ഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അസി. എൻജിനീയർ ഓഫീസിൽ 2 ഓവർസീയർ തസ്തികയിലും ഒരാളുടെ ഒഴിവുണ്ട്.
ജീവനക്കാരുടെ കുറവ് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങളെ സാരമായി ണാധിക്കുന്നുണ്ട്. സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും നടപടി വൈകുകയാണ്
- അഡ്വ രാഖി ആന്റണി,പ്രസിഡന്റ് , അരൂർ ഗ്രാമ പഞ്ചായത്ത്