ആലപ്പുഴ: തത്തംപള്ളി മഠം റോഡിലെ മാൻഹോളിന്റെ മുകളിലെ ഗ്രിൽ മോഷണം പോയതോടെ കുഴി അപകട ഭീഷണിയാകുന്നു.
ആരാധനാ മഠത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കിന് തൊട്ടു മുന്നിൽ റോഡിനടിയിലൂടെ മലിനജലം കടത്തിവിടാനുള്ള കുഴികളുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലുകളിലൊന്നാണ് മോഷ്ടിക്കപ്പെട്ടത്.
ഗ്രിൽ ഇല്ലാതായതോടെ തുറന്നുകിടക്കുന്ന കുഴി കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഭീഷണിയാണ്. വീതികുറഞ്ഞ റോഡിന്റെ വശം ചേർന്ന് വരുന്ന വാഹനങ്ങളുടെ ടയർ കുഴിയിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. ഇരുചക്രവാഹനമാണ് വീഴുന്നതെങ്കിൽ ജീവഹാനിക്ക് വരെ കാരണമായേക്കാം. ഇതേ റോഡിനോട് ചേർന്ന് നഴ്സറിയും പ്രവർത്തിക്കുന്നതിനാൽ നടന്നുവരുന്ന കുട്ടികൾ കുഴിയിൽ വീഴുമോയെന്ന ആശങ്ക അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട്. അപകടഭീഷണി ഒഴിവാക്കാൻ പ്രദേശവാസികൾ കുഴിയിൽ അടയാളമായി ചെടിയുടെ ചില്ലകൾ ഒടിച്ചാവച്ചിരിക്കുകയാണ്. മോഷണത്തെക്കുറിച്ച് ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥാപിച്ചത് രണ്ടര വർഷം മുമ്പ്
 രണ്ടര വർഷം മുമ്പാണ് വീതി കുറഞ്ഞ റോഡിൽ ചെറുവെള്ളപാത്തിക്കു പകരം ഭൂഗർഭ പൈപ്പും കാനയും സ്ഥാപിച്ചത്
 കഴിഞ്ഞ മഴക്കാലത്ത് മാലിന്യങ്ങൾ കെട്ടിക്കിടന്നതോടെ ശുചീകരണതൊഴിലാളികളെത്തി മൂടി തുറന്ന് വൃത്തിയാക്കിയിരുന്നു
 ഇതിന് ശേഷം ഗ്രിൽ കുഴിക്ക് മുകളിൽ ചെരിച്ചാണ് സ്ഥാപിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു
 നിരന്തരം വാഹനങ്ങൾ കയിറിയിറങ്ങി ഗ്രില്ല് ഇളകി ഇരിക്കുകയായിരുന്നു. മുമ്പും ഇതേ വഴിയിലെ ഗ്രിൽ മോഷണം പോയിട്ടുണ്ട്
റോഡിന് അടിയിലൂടെ കാന സ്ഥാപിക്കാൻ പദ്ധതിയിട്ടപ്പോൾ തന്നെ ആശാസ്ത്രീയമാണെന്ന് രേഖാമൂലം ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രില്ലുകൾ ഇനിയും മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ട്
-തത്തംപള്ളി റെസിഡൻസ് അസോസിയേഷൻ