
ആലപ്പുഴ: ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽപ്പെടുത്തി ഒ.പി ബ്ലോക്ക്, കിടപ്പ് രോഗികൾ, മാനസിക രോഗാശുപത്രി, നഴ്‌സിംഗ് കോളേജ് ക്വാർട്ടേഴ്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ദ്രവമാലിന്യം സംസ്‌കരിക്കാൻ സജ്ജമായ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഇന്ന് മുതൽ 2025 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹരിതകേരള മിഷന്റെ സഹകരണത്തോടെ ജനറൽ ഹോസ്പിറ്റൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നത്.
എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു.പ്രതിഭ, തോമസ് കെ.തോമസ്, എം.എസ്.അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ സ്വാഗതം പറയും.
അൾട്രാ ഫിൽറ്ററേഷൻ
യൂണിറ്റ് സ്ഥാപിക്കും
ഇലക്ട്രോ കൊയാഗുലേഷൻ (ഇ- കിഡ്) സാങ്കേതിക വിദ്യയിൽ 240 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് 3.05 കോടി രൂപയാണ് അമൃത് പദ്ധതിയിൽപ്പെടുത്തി നഗരസഭ വകയിരുത്തിയിട്ടുള്ളത്. വേണാട് ഡിസൈനേഴ്‌സ് ആൻഡ് കോൺട്രാക്‌റ്റേഴ്‌സാണ് കരാർ കമ്പനി. പ്ലാന്റിൽ നിന്നുള്ള
ജലം പുനരുപയോഗത്തിനായി ടോയ്‌ലറ്റ് ഫ്ലഷിംഗിന് ഉപയോഗിക്കുന്നതിനായി അൾട്രാ ഫിൽറ്ററേഷൻ യൂണിറ്റ് കൂടി 50 ലക്ഷം രൂപ വകയിരുത്തി നഗരസഭ സ്ഥാപിക്കും.