
മാന്നാർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് 102 വയസായ കുട്ടംപേരൂർ ജിതിൻ നിവാസിൽ തങ്കമ്മയ്ക്ക് ആദരവ്. മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സാണ് ആദരവ് നൽകിയത്. കർഷക തൊഴിലാളി ആയിരുന്ന തങ്കമ്മ 102ലും പഴയകാല ഓർമ്മകൾ കുട്ടികളുമായി പങ്കുവച്ചു. കുട്ടനാട്ടിലെ കണ്ടൻകരിയിൽ നിന്നാണ് കർഷകത്തൊഴിലാളിയായ ചാത്തൻ തങ്കമ്മയെ മാന്നാറിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നത്. തന്റെ ചെറുപ്പകാലത്ത തീണ്ടൽ എന്ന ദുരാചാരം നിലനിന്നിരുന്നതിനാൽ വിദ്യാഭ്യാസം ചെയ്യാൻ കഴിഞ്ഞില്ലെന്ന വേദനയും കുട്ടികളുമായി പങ്കുവച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദനും എൻ.എസ്.എസ് വോളന്റിയേഴ്സും ചേർന്ന് തങ്കമ്മയെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്കൂൾ വക ഉപഹാരവും നൽകി. ചടങ്ങിൽ വാർഡ് മെമ്പർ മധു പുഴയോരം, സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ.ജി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനു, അദ്ധ്യാപിക നിഷാ രാജ്, പ്രോഗ്രാം ഓഫീസർ രമേശ് കുമാർ, വോളന്റിയർ ലീഡേഴ്സായ ആകാശ്, ആരതി എന്നിവർ പങ്കെടുത്തു.