കായംകുളം: സംരക്ഷിക്കാൻ ആരുമില്ലാത്ത സരസ്വതിയമ്മക്ക് (76) ആറാട്ടുപുഴ സാന്ത്വനതീരം സർക്കാർ വയോജന മന്ദിരത്തിൽ സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്. അന്താരാഷ്ട്ര വയോജന ദിനത്തിലാണ് അഗതിയായ വയോധികയ്ക്ക് സംരക്ഷണമേകിയത്. വർഷങ്ങളായി ഓച്ചിറ പരബ്രഹ്‌മ ക്ഷേത്ര പരിസരത്ത് കഴിഞ്ഞിരുന്ന സരസ്വതിയമ്മയെ തീർത്തും അവശ നിലയിൽ കഴിഞ്ഞയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യവും അനാരോഗ്യവും കാരണം കിടപ്പിലായ സരസ്വതിയമ്മക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി. കിടപ്പിലായ സരസ്വതിയമ്മയെ ഏറ്റെടുത്ത് സംരക്ഷിക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ,​ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി സരസ്വതിയമ്മയെ വയോജന മന്ദിരത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷാജി, സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.എൻ.ദീപു, ജീവനക്കാരായ ഷംല, നസീമ, തെരേസ സെബാസ്റ്റ്യൻ, സജീർ,ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, എൽ.എസ്.രജീഷ് എന്നിവർ നേതൃത്വം നൽകി.