s

ആലപ്പുഴ : കോടതിപ്പാലം നവീകരണ പദ്ധതിയുടെ ഭാഗമായി മാതാ ബോട്ട് ജെട്ടിയിൽ താത്കാലിക ജെട്ടി നിർമ്മാണം തുടങ്ങി. ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള പ്ളാറ്റ് ഫോമുകളുടെ ഫൗണ്ടേഷന്റെയും കോൺക്രീറ്റ് ബെൽറ്റുകളുടെയും നിർമ്മാണമാണ് ആരംഭിച്ചത്. ഫൗണ്ടേഷന്റെ കോൺക്രീറ്റിംഗ് ഇന്ന് തുടങ്ങും.

ആലപ്പുഴ ബോട്ട് ജെട്ടി മാതായിലേക്ക് മാറ്റാനിരിക്കെയാണ് താത്കാലിക നിർമ്മാണം.

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ഒരുകിലോ മീറ്രർ അകലെയാണ് മാതാജെട്ടി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഓഫീസ് കെട്ടിടം, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം എന്നിവ ഉൾപ്പെടെ ചുറ്റുമതിലോടുകൂടിയ പുതിയ ബോ‌ട്ട് ജെട്ടി പിന്നീട് നിർമ്മിക്കും. ബോട്ടുകൾ തിരിക്കാനും യാത്രക്കാർക്ക് പ്രവേശിക്കാനുമുള്ള റാമ്പുകൾ, ബോട്ടുകൾ കെട്ടിയിടാനുള്ള കുറ്റികൾ, ഇന്റർലോക്ക് പാകൽ തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കേണ്ടതുണ്ട്. മാതാജെട്ടിയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നതിനായി റീട്ടെയ്ൻ വാളും നിർമ്മിക്കേണ്ടതുണ്ട്.

ആലപ്പുഴ ബോട്ട് ജെട്ടി ഓർമ്മയാകും

1.രാവിലെ 5.30ന് ആരംഭിക്കുന്ന വേണാട്ട് കാട് ബോട്ട് സർവീസിൽ തുടങ്ങി കുമരകം, കുട്ടനാട്, ചങ്ങനാശേരി, കുമരകം, കോട്ടയം, പുളിങ്കുന്ന്, നെടുമുടി, എടത്വ , കൈനകരി, പാണ്ടിച്ചേരി തുടങ്ങിയ റൂട്ടുകളിലേക്കാണ് ആലപ്പുഴയിൽ നിന്നുളള സർവീസുകൾ.

2. രാത്രി 9.15ന് വേണാട്ടുകാടിലേക്കാണ് അവസാന സർവീസ്. ആലപ്പുഴ ബോട്ട് ജെട്ടിക്ക് കുറുകെ പാലം വരുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെയും ബോട്ട് ജെട്ടിയിലെയും മണ്ണ് പരിശോധന തുടങ്ങി

3. റോഡ് വികസനത്തിന്റെ ഭാഗമായി കടകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് 10ന് പരിഗണനയ്ക്ക് വരാനിരിക്കെ ഇവിടങ്ങളിലെ കടകൾ പൊളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകും

നാടിന്റെ പൈതൃകം

വാണിജ്യപട്ടണമായിരുന്ന ആലപ്പുഴയുടെ പൈതൃകമാണ് ആലപ്പുഴ ബോട്ട് ജെട്ടി. റോഡ് ഗതാഗതം വികസിക്കുന്നതിന് വളരെ മുമ്പ് തന്നെ ചരക്ക് ഗതാഗതത്തിന്റെ ആസ്ഥാനമായിരുന്നു . ആലപ്പുഴ തുറമുഖത്തിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതത്തിനും ആലപ്പുഴ ബോട്ട് ജെട്ടിയായിരുന്നു ആശ്രയം.

താത്കാലിക ബോട്ട് ജെട്ടി

വിസ്‌തീർണ്ണം: 1100 ചതുരശ്ര അടി

ചെലവ് : 28 ലക്ഷം

 പ്രതിദിന സ‌ർവീസുകൾ :110

 ജീവനക്കാർ : 400

 ഓപ്പറേറ്രിംഗ് സർവീസുകൾ : 6

 പ്രതിദിന കളക്ഷൻ : ₹ 40,000

കേരളത്തിലെ പൈതൃകമായ ബോട്ട് ജെട്ടി ആലപ്പുഴയുടെ അഭിമാനമാണ്

-നജീബ്, സുന്ദൂസ് ലേഡീസ് സ്റ്റോർ

ഇന്ന് ബോട്ട് ജെട്ടിയുടെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് ആണ്. ഒന്നരമാസത്തിനകം താത്കാലിക ബോട്ട് ജെട്ടിയുടെ നിർമ്മാണം പൂർത്തിയാകും

- കെ.ആർ‌.എഫ്.ബി , ആലപ്പുഴ