s

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിനെതിരെ ബോട്ട് ക്ളബുകൾ നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്ക് (എൻ.ടി.ബി.ആർ) നൽകിയ പരാതിയിൽ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. കളക്ടർ, സബ് കളക്ടർ, എ.ഡി.എം അംഗങ്ങളായ വിദഗ്ദ്ധ സമിതി ഫൈനൽമത്സരത്തിന്റെ വീഡിയോ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ പരിശോധിക്കും. എൻ.ടി.ബി.ആർ ചെയർമാൻ കൂടിയായ കളക്ടർ അലക്‌സ് വർഗീസന്റെ നിർദ്ദേശ പ്രകാരം സൊസൈറ്റി സെക്രട്ടറിയും സബ് കളക്ടറുമായ സമീർ കിഷനാണ് അന്വേഷണച്ചുമതല .ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ എം.സി.സജീവ്കുമാർ പരാതിക്കാരായ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടനിൽ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികൾ, മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻവള്ള സമിതി ഭാരവഹികൾ, ആരോപണ വിധേയരായ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നാണ് ആദ്യഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കുക.

മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

1.മൂന്ന് ദിവസത്തിനുള്ളിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തികരിക്കാനാണ് നിർദ്ദേശം

2.ആവശ്യമെങ്കിൽ കൂടുതൽ പേരിൽ നിന്ന് തെളിവ് ശേഖരിക്കും

3.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജസിൽ നിന്ന് വിശദീകരണം തേടും

4.ജൂറി ഓഫ് അപ്പീൽ സമിതി പരിശോധിച്ച ശേഷമായിരിക്കും കളക്ടർ അന്തിമതീരുമാനം എടുക്കുക

പരാതി

മത്സരത്തിൽ ഒരുപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമവിശകലനം നടത്താതെ പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായ പ്രഖ്യാപിച്ചതിനെതിരെയാണ് രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടനിൽ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികളും സ്റ്റുർട്ടിംഗ് പോയിന്റിലെ അപാകത ചൂണ്ടുക്കാട്ടി മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻവള്ള സമിതിയും കളക്ടർക്ക് പരാതി നൽകിയത്.