photo

ആലപ്പുഴ : നഗരസഭയിൽ ഹരിതകർമ്മസേന ശേഖരിച്ച് വിവിധ സംഭരണകേന്ദ്രങ്ങളിൽ അലക്ഷ്യമായി കിടന്ന പ്‌ളാസ്റ്റിക് നീക്കി തുടങ്ങി. ക്ളീൻ കേരള, പ്ളാനറ്റ് എർത്ത്, യുണിവേഴ്സൽ ബയോഗ്യാസ് എന്നീ ഏജൻസികളെയാണ് പ്‌ളാസ്റ്റിക്ക് എടുക്കാൻ നഗരസഭ ചുമതലപ്പെടുത്തിയത്. "സംഭരിച്ചിട്ടുണ്ട് കയറ്റി അയക്കുന്നില്ല" എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെതുടർന്നാണ് പ്ളാസ്റ്റിക് മാറ്റാൻ നടപടി ആരംഭിച്ചത്.

നഗരത്തിലെ വലിയ ചുടുകാട്, ടൗൺഹാൾ, ആലിശ്ശേരി, നഗരചത്വരം എന്നിവടങ്ങളിൽ നിന്ന് മൂന്ന് ദിവസത്തിനുള്ളിൽ 20ലോഡ് ( 40ടൺ ) പ്ളാസ്റ്റിക് മാറ്റി. വലിയ ചുടുകാടിന് സമീപം പഞ്ചകർമ്മ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടത്തിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ചാക്ക് കണക്കിന് പ്‌ളാസ്റ്റിക് വലിയ ഭീഷണിയായിരുന്നു.

ഹരിതകർമ്മ സേനയുടെ അംഗബലം കൂടുന്നതോടെ വേഗത്തിൽ പ്ളാസ്റ്റിക് നീക്കം ചെയ്യും. ക്ളീൻ കേരള ഉൾപ്പെടെ മൂന്ന് ഏജൻസികളെ പ്ളാസ്റ്റിക് നീക്കാൻ നിയോഗിച്ചിട്ടുണ്ട്.

- കെ.കെ.ജയമ്മ, ചെയർപേഴ്‌സൺ, നഗരസഭ