ambala

അമ്പലപ്പുഴ : ലൈബ്രറിയിലേക്കുള്ള വഴിയിൽ മതിൽ ഇടിഞ്ഞുവീണിട്ട് ഒരു മാസം. വഴിയടഞ്ഞതോടെ,​ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിന്റെയും ലൈബ്രറിയുടെയും വാതിലും അടഞ്ഞു.പഴക്കം കൊണ്ട് പിടിവിട്ടുപോയ മതിൽ വഴിയിലേക്ക് മറിഞ്ഞതോടെ വായനശാലയിലേയ്ക്ക് ആർക്കും കയറാൻ കഴിയാത്ത അവസ്ഥയായി.

കഞ്ഞിപ്പാടം എൻ.എസ്.എസിന്റെ കീഴിലുള്ള ക്ഷേത്രം സൗജന്യമായി നൽകിയ സ്ഥലത്താണ് സാംസ്കാരിക നിലയം നിൽക്കുന്നത്. ഇടിഞ്ഞുവീണ മതിലിന്റെ ഭാഗങ്ങൾ മാറ്റാത്തത് കാരണം പഞ്ചായത്തിന് കീഴിലുള്ള ഈ വായനശാലയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരുമാസമായി ആളനക്കമില്ലാത്തതിനാൽ എലികൾ പുസ്തകങ്ങൾ നശിപ്പിച്ചോ എന്നും സംശയമുണ്ട്.ശങ്കരനാരായണമൂർത്തി ക്ഷേത്രം ഭാരവാഹികൾ രേഖാമൂലം അറിയിച്ചിട്ടും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

വിദ്യാർത്ഥികളുടെ ആശ്രയം

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക നിലയം സ്ഥാപിതമായിട്ട് 25 വർഷത്തോളമാകുന്നു. 400 ഓളം പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും പത്രങ്ങളും ഇവിടെയുണ്ട്. വൈകിട്ട് അഞ്ച് മുതൽ ആറുമണിവരെയാണ് ലൈബ്രറിയുടെ പ്രവർത്തന സമയം. കഞ്ഞിപ്പാടം സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനകരമായിരുന്നു. പി.എസ്‌.സി കോച്ചിംഗ് ക്ലാസുകളും നടന്നിരുന്നു. എന്നാൽ,​ ഇതെല്ലാം മതിൽ വീണത് കാരണം മുടങ്ങിയിരിക്കുകയാണ്.