ആലപ്പുഴ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി ഇരുപത്തിയേഴാം ബറ്റാലിയൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സ് ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. കമാൻഡന്റ് വിവേക് കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, സെക്കൻഡ് ഇൻ കമാൻഡ് മനോജ് ബഹുഗുണ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണത്തിൽ നൂറോളം വരുന്ന ഐ.ടി.ബി.പി സേനാംഗങ്ങളും ഹരിതകർമ്മസേന അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. ശുചിത്വ പരിപാടിയിൽ പങ്കെടുത്തവരെ ആദരിച്ചു. ഐ.ടി.ബി.പി ഇരുപത്തിയേഴാം ബെറ്റാലിയൻ ക്വാർട്ടേഴ്‌സിന് സമീപമുള്ള പാലമേൽ പഞ്ചായത്തിലെ കരിങ്ങാലി പുഞ്ചയുടെ സമീപവും ശുചിയാക്കി.