
ചേർത്തല: "ഇപ്പോഴുള്ളത് എ.എസ്.കനാലല്ല ചേർത്തല–കഞ്ഞിക്കുഴി കനാലും, ആലപ്പുഴ–കഞ്ഞിക്കുഴി കനാലും എന്നേ പറയാനാകൂ." 1957ൽ എ.എസ്.കനാലിന്റെ നിർമ്മാണ ഘട്ടത്തിൽ ജൂനിയർ എൻജിനിയറായിരുന്ന വി.വി.പവിത്രൻ പറയുന്നു. രണ്ടിടത്തുനിന്നുളള കനാലും കഞ്ഞിക്കുഴിയിൽ വന്നുനിന്നു. ദേശീയപാത മുറിക്കാൻ അന്നു കഴിയാത്തതിനാൽ പദ്ധതി പൂർത്തിയായതുമില്ല. ഇപ്പോൾ പദ്ധതി പൂർത്തിയാക്കാൻ സുവർണാവസരമാണ്.സംസ്ഥാന സർക്കാരും എം.പിമാരും ഇടപെട്ട് ദേശീയപാത അതോറിട്ടിയുടെ ഇടപെടലിൽ പാലമോ മറ്റ് സംവിധാനമോ ഒരുക്കിയാൽ കനാൽ പുതിയ തലമുറയ്ക്ക് മുതൽക്കൂട്ടാകും. ഇപ്പോഴില്ലെങ്കിൽ ഇനി സാദ്ധ്യതയില്ലെന്നും പവിത്രൻ പറയുന്നു. എ.എസ്.കനാലിന്റെ വീണ്ടെടുപ്പിനായി നഗരസഭയും സർക്കാരും ശ്രമങ്ങൾ നടത്തുമ്പോഴാണ് പദ്ധതിയുടെ ചരിത്രവഴി വി.വി.പവിത്രൻ ഓർത്തെടുത്തത്. സർവീസിൽ നിന്ന് സ്വയംവിരമിച്ച 92കാരനായ പവിത്രൻ, നിലവിൽ പ്രമുഖ കയർ കയറ്റുമതി സ്ഥാപനമായ തിരുവിഴ കൊക്കോടഫ്
റ്റ് ചെയർമാനും ടി.എം.എം.സി ഡയറക്ടറുമാണ്.കെ.ആർ.ഗൗരിഅമ്മയെന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയും പുന്നപ്രവയലാർ സമരസേനാനിയായ സി.കെ.വാസുവെന്ന കമ്മ്യുണിസ്റ്റ് തൊഴിലാളി നേതാവിന്റെ നേതൃമികവും ആയിരങ്ങളുടെ അദ്ധ്വാനവും ഉദ്യോഗസ്ഥരുടെ അർപ്പണവുമാണ് കനാലിന്റെ പിറവിക്കു പിന്നിൽ.
ക്ഷാമത്തെ നേരിടാൻ തൊഴിൽ
1. 1957ൽ നാടിൽ ക്ഷാമം നേരിട്ടപ്പോഴാണ് റവന്യു മന്ത്രിയായിരുന്ന ഗൗരിഅമ്മയുടെ ദീർഘവീക്ഷണത്തിൽ എ.എസ്.കനാലിന് പദ്ധതിയിട്ടത്. ചേർത്തലയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇറിഗേഷന്റെ രണ്ടു ഡിവിഷന്റെ കീഴിലായിരുന്നു പ്രവർത്തനം. ഇരുവശങ്ങളും വേമ്പനാടുകായിലുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു നിർമ്മാണം. 25 കിലോമീറ്റർ നീളത്തിൽ 20 മീറ്ററോളം വീതിയിലുമായിരുന്നുഅത്
2.ക്ഷാമത്തെ നേരിടാൻ എല്ലാവർക്കും തൊഴിലായിരുന്നു ലക്ഷ്യം.മൂന്നിൽ രണ്ടു ഭാഗം തൊഴിലും സ്ത്രീകൾക്കു നൽകിയിരുന്നു. കരാർ നടപടികൾ വഴി തൊഴിലാളികൾക്ക് തന്നെ ചുമതല നൽകുന്ന തരത്തിലായിരുന്നു ആസൂത്രണം. അതിനു ചുക്കാൻ പിടിച്ചത് കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ.വാസുവും.
3.ഉദ്യോഗസ്ഥർക്കൊപ്പം വാസുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മൂന്നു വർഷത്തോളമെടുത്താണ് ഇരുഭാഗത്തുനിന്നുമുളള കനാൽ കഞ്ഞിക്കുഴിയിലെത്തിച്ചത്. രണ്ടിടത്തുമായി 10 ലധികം പാലങ്ങൾ ഉണ്ടായിരുന്നെങ്കിലും കഞ്ഞിക്കുഴിയിൽ മാത്രം ഇതു യാഥാർത്ഥ്യമായില്ല. അതാണ് പദ്ധതി ലക്ഷ്യം കാണാതെപോകാൻ കാരണം.
4. റോഡ് വഴിയുള്ള സഞ്ചാര മാർഗം കുറവായിരുന്ന ആക്കാലത്ത് ജല ഗതാഗതത്തേയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. ചരക്കുനീക്കം വേഗത്തിലാക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴയിൽ നിന്ന് കയറും മറ്റ് ഉത്പന്നങ്ങളും വേമ്പനാട്ട് കായലു വഴിയാണ് ചേർത്തലയിൽ എത്തിച്ചിരുന്നത്.ഒരു ദിവസമെങ്കിലും ഇതിനു വേണ്ടിയിരുന്നു.
5. എ.എസ് കനാൽ തുറന്നിരുന്നെങ്കിൽ 3 മണിക്കൂർ കൊണ്ട് ചരക്ക് വള്ളങ്ങൾക്ക് ചേർത്തലയിൽ എത്താൻ കഴിയുമായിരുന്നു.കനാൽ പൂർത്തിയായാൽ വിനോദസഞ്ചാരമേഖലയുടെ സാദ്ധ്യതകൾ ഇരട്ടിക്കും.കായലിൽ നിന്ന് ഉപ്പു വെള്ളം കനാലിൽ പ്രവേശിക്കുന്നതോടെ പോള ശല്യവും മലിനീകരണവും ഇല്ലാതാക്കാനുമാകും.