ആലപ്പുഴ : ആര്യാട് ഗവ.സ്‌കൂളിലെ ജിംനേഷ്യത്തിന് ശാപമോക്ഷം ലഭിക്കുന്നതും കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. കൊവിഡ് കാലത്ത് മരം വീണ് മേൽക്കൂര തകർന്നതോടെയാണ് 50 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ജിംനേഷ്യം നോക്കുകുത്തിയായി മാറിയത്. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ നശിക്കുന്നത്.

2018ൽ കെ.സി.വേണുഗോപാൽ എം.പിയാണ് ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. പ്രൊഫഷണൽ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചിരുന്നു. ഒരു അദ്ധ്യയന വ‌ർഷമാണ് ജിം പ്രവർത്തിച്ചത്. രണ്ടാം വർഷം ട്രെയിനറില്ലാത്തതിന്റെ പേരിൽ പരിശീലനം മുടങ്ങി.

കെട്ടിടവും, ഉപകരണങ്ങളും നശിച്ചതിനാൽ പഴയ രൂപത്തിലാക്കാൻ വലിയ തുക വേണ്ടി വരും.

ജിംനേഷ്യത്തിന്റെ ചിലവ് : 50 ലക്ഷം

500ലധികം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന കേന്ദ്രം

 2020ൽ കൊവിഡ് കാലത്ത് കെട്ടിടത്തിന് മുകളിൽ മരംവീണ് മേൽക്കൂര തകർന്നു

 ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും എ.സിയുമടക്കമുള്ള കെട്ടിടം ആരും തിരിഞ്ഞുനോക്കാതായി

 നിലവിൽ കെട്ടിടം പൊടി പിടിച്ചും, പരിസരം കാട് പിടിച്ചും കിടക്കുന്ന നിലയിലാണ്

 അര്യാട് ഗവ.സ്‌കൂളിലെ 9ാംക്ലാസ് മുതലുള്ള 500ലധികം വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഫിറ്റ്‌നെസ് സെന്റർ ആരംഭിച്ചത്

 ഒരേ കോമ്പൗണ്ടിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, ബി.എഡ് കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്

 പല തവണ നഗരസഭയെ സമീപിച്ചിട്ടും പദ്ധതി പുനരാവിഷ്കരിക്കാൻ അനുകൂല നിലപാടുണ്ടായില്ല.

ഒരുപാട് നല്ല ഉപകരണങ്ങളാണ് ജിംനേഷ്യത്തിൽ കിടന്ന് നശിക്കുന്നത്. ഇവ നന്നാക്കി തന്നാൽ ഞങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാൻ ഉപകാരപ്പെടും

-വിദ്യാർത്ഥികൾ