മാവേലിക്കര: 2.18 കോടി ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച രണ്ടു സ്‌കൂൾ കെട്ടിടങ്ങൾ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. എം.എസ്.അരുൺകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തഴക്കര പഞ്ചായത്തിലെ കുന്നം ഗവ.എച്ച്.എസ്.എസിനും പാലമേൽ പഞ്ചായത്തിലെ പയ്യനല്ലൂർ ഗവ.എൽ.പി.എസിനുമാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി വഴി ഒരു കോടി മുപ്പത് ലക്ഷം ചെലഴിച്ചാണ് കുന്നം സ്‌കൂൾ കെട്ടിടം പൂർത്തീകരിച്ചത്. നാലു ക്ലാസ് മുറികളും വരാന്തയും സ്റ്റെയർ റൂമും ടോയ്ലറ്റും ഉൾപ്പെടെയാണ് നിർമാണം. പയ്യനല്ലൂർ സ്‌കൂളിന് 88 ലക്ഷം രൂപയാണ് നിർമാണ ചെലവ്.