ആലപ്പുഴ : ''ഓണത്തിന് ഒന്നരമാസം മുമ്പ് മുതൽ പണിയില്ലാതെ വെറുതെ ഇരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 50 തടുക്കിനുള്ള ഓർഡർ ലഭിച്ചതുകൊണ്ടാണിപ്പോൾ രണ്ട് ദിവസത്തെ ജോലി കിട്ടിയത്. ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഈ മേഖലയിൽ തൊഴിലാളികളുണ്ടാവില്ല. പെട്ടെന്ന് കയറിവരുന്ന ആർക്കും ഇഴ ചേർത്ത് കയറുത്പന്നങ്ങൾ നെയ്തെടുക്കാനാവില്ല. അഞ്ച് വർഷത്തിനുള്ളിൽ ചെറുകിട കയർ ഫാക്ടറികൾ ഇല്ലാതാകും...'' കോമളപുരത്തെ ചെറുകിട ഫാക്ടറിയിൽ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ജോലിക്ക് കയറിയ തൊഴിലാളികളായ സുവർണനും, അശോകനും, തങ്കച്ചനും ഒരേ സ്വരത്തിൽ പറഞ്ഞു.
മൂവരും അറുപത് വയസ്സ് പിന്നിട്ടവർ. സംസ്ഥാനത്തെ കയർ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും വയോധികരാണ്. രംഗത്തേക്ക് ആരും പുതുതായി കടന്നുവരില്ല. നിലവിലുള്ളവർ തൊഴിൽ നഷ്ടമാകുന്നതോടെ തൊഴിലുറപ്പിലേക്കും ലോട്ടറി കച്ചവടത്തിലേക്കും തിരിയുകയാണ്. ആലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി പ്രദേശങ്ങളിലെ ലോട്ടറി വിൽപ്പനക്കാരിൽ അധികവും മുൻകാല കയർതൊഴിലാളികളാണ്. തൊണ്ട് തല്ലിയും റാട്ടിൽ കയറുപിരിച്ചും അന്നത്തിന് വഴി തേടിയിരുന്നവർ തൊഴിലുറപ്പിലേക്ക് ചേക്കേറി.
ദിവസം അഞ്ഞൂറ് രൂപ പോലും കിട്ടില്ല
 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെ തുടർച്ചയായി ജോലി ചെയ്താൽ അഞ്ഞൂറ് രൂപ തികച്ച് കിട്ടില്ല
 ഓണവിപണി പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ നിർമ്മിച്ചെങ്കിലും പേരിന് പോലും ഓർഡർ ലഭിച്ചില്ല
 ഉത്പന്നം വിറ്റുപോയാലേ കൂലി ലഭിക്കുകയുള്ളൂ. . ഓരോ ഉത്പന്നവും കപ്പലിൽ കയറുന്നത് വരെ ചങ്കിടിപ്പാണെന്ന് തൊഴിലാളികൾ
 കൈകൊണ്ട് തറിയിൽ നെയ്യുന്നവയിൽ പാകപ്പിഴയുണ്ടായേക്കാം. ഉത്പന്നങ്ങൾ തിരിച്ചയക്കപ്പെടുമ്പോൾ നഷ്ടം തൊഴിലാളിയും നേരിടണം
ദുരിതത്തിലാണ് മുതലാളിമാരും
പല ചെറുകിട കയർ ഫാക്ടറി ഉടമകളുടെയും ജീവിതം തൊഴിലാളികളെക്കാൾ കഷ്ടമാണ്. ധാരാളം ഫാക്ടറികളാണ് പൂട്ടി കിടക്കുന്നത്. ചിലർ തൊഴിലാളികളെ പൂർണമായി ഒഴിവാക്കി ഒറ്റയ്ക്ക് ജോലി ചെയ്യുന്നു. ഒപ്പമുള്ള തൊഴിലാളികളെ എങ്ങനെയും സംരക്ഷിക്കണമെന്ന് നിശ്ചയദാർഡ്യമുള്ളവരാണ് നഷ്ടം സഹിച്ചും ഫാക്ടറികൾ നടത്തിക്കൊണ്ടുപോകുന്നത്. സ്ക്വയർ ഫീറ്റിന് 150 രൂപ വിലയുള്ള തടുക്ക് 100 രൂപയ്ക്ക് നൽകാൻ തയാറാകുന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം ഓർഡർ ലഭിച്ചത്. ലാഭം നോക്കിയിരുന്നാൽ ഓർഡർ ലഭിക്കില്ല. തൊഴിലാളികൾ പട്ടിണിയിലാകും.
ഭാവി ചോദ്യചിഹ്നമാകരുത്
വർഷങ്ങൾക്ക് ശേഷം കൂടുതൽ ഓർഡർ വരുന്ന സാഹചര്യമുണ്ടായാൽ ആര് ഉത്പ്പന്നങ്ങൾ നിർമ്മിക്കും. കയറുകൊണ്ട് ഇഴയെടുക്കാൻ ഒരു മെഷീനുമാകില്ല. പുതിയ ആളുകളെ തൊഴിൽ പരിശീലിപ്പിക്കാൻ നടപടിയുണ്ടാവണം.
75000
ജില്ലയിൽ കയർതൊഴിലാളികൾ
അദ്ധ്വാനത്തിനിക്കാൻ മനസ്സുണ്ടായിട്ടും തൊഴിലില്ലാത്ത സ്ഥിതിയാണ്
- തങ്കച്ചൻ, കയർ തൊഴിലാളി
കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന സ്ഥിരം പല്ലവി സർക്കാർ തുടർന്നുകൊണ്ടിരുന്നാൽ പരമ്പരാഗത വ്യവസായം നാമാവശേഷമാകും
- സണ്ണി ചാണ്ടി, ചെറുകിട കയർഫാക്ടറി ഉടമ