ആലപ്പുഴ : ജില്ലയിൽ ഭൂമി തരംമാറ്റൽ സംബന്ധിച്ച പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ജോലികൾക്ക് ഒച്ചിന്റെ വേഗത. ആലപ്പുഴ സബ് കളക്ടറുടെ പരിധിയിലുള്ള മൂന്ന് താലൂക്കുകളിലെ 13,962 അപേക്ഷകളാണ് ഡെപ്യൂട്ടി കളക്ടർമാർക്ക് കൈമാറിയത്. കഴിഞ്ഞ ജൂൺ 30വരെ തീർപ്പാകാത്ത അപേക്ഷകളായിരുന്നു ഇത്. ഇവയിൽ തീർപ്പാക്കാനായത് 1,379 എണ്ണം മാത്രം.
കുട്ടനാട്ടിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മുഗണന ക്രമത്തിൽ 1381അപേക്ഷകൾ തീർപ്പാക്കാനായി. ലഭിച്ച അപേക്ഷകളിൽ 468 അപേക്ഷകൾ ഒഴികെ മറ്റെല്ലാം ബന്ധപ്പെട്ട കൃഷി, വില്ലേജ് ഓഫീസർമാർക്ക് കൈമാറി. ഡാറ്റാ ബാങ്കിലെ പിശകിന് കൃഷി ഓഫീസറും തരംമാറ്റലിന് വില്ലേജ് ഓഫീസറുമാണ് റിപ്പോർട്ട് നൽകേണ്ടത്. ആലപ്പുഴ,ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസിന് കീഴിൽ കഴിഞ്ഞ വർഷം അദാലത്തുകൾ നടത്തി ഭൂമി തരംമാറ്റൽ പരാതികൾ തീർപ്പാക്കിയിരുന്നു. ഇത്തവണ ഈ മാസം 25നും നവംബർ 15നും ഇടയിൽ അദാലത്ത് നടത്തി തരംമാറ്റൽ ജോലികൾ പൂർത്തീകരിക്കാനാണ് ആലോചന.
തടസം ജീവനക്കാരുടെ കുറവ്
 ജീവനക്കാരുടെ കുറവാണ് അപക്ഷ വേഗത്തിൽ തീർപ്പാക്കാൻ കഴിയാത്തതിന് പിന്നിൽ
 അപേക്ഷകൾക്ക് ആനുപാതികമായി ക്ളർക്കുമാരെ വില്ലേജ് ആഫീസുകളിൽ പുനർവിന്യാസം ചെയ്യണം
 2022ലെ അപേക്ഷകളിലാണ് ഇപ്പോൾ തീർപ്പ് കല്പിക്കുന്നത്. ഓരോമാസവും3 താലൂക്കിലുംത് 500അപേക്ഷകളെങ്കിലും ലഭിക്കും
 നിലവിൽ 250 അപേക്ഷകളിൽ പോലും തീർപ്പ് കല്പിക്കാനാകാത്ത സ്ഥിതിയാണുള്ളത്
നേരത്തേ ഉണ്ടായിരുന്നവരെ പിൻവലിച്ചു
ആർ.ഡി.ഒ ഓഫീസുകളിൽ ഭൂമി തരംമാറ്റൽ ചുമതല ഉണ്ടായിരുന്നപ്പോൾ രണ്ട് ജൂനിയർ സൂപ്രണ്ടുമാരെയും അഞ്ച് ക്ളർക്കുമാരെയും അധികമായി നിയമിച്ചിരുന്നു. ഡെപ്യൂട്ടികളക്ടർമാർക്ക് ചുമതല നൽകിയതോടെ ഈ ജീവനക്കാരെ സർക്കാർ പിൻവലിച്ചു.
കൈമാറിയ അപേക്ഷകൾ (ജൂലായിൽ)
ഡാറ്റാബാങ്കിലെ പിശക് തിരുത്തൽ
ചേർത്തല......3038
അമ്പലപ്പുഴ......908
കുട്ടനാട്..........2429
ഭൂമി തരംമാറ്റൽ
ചേർത്തല.......5264
അമ്പലപ്പുഴ......787
കുട്ടനാട്..........2162
ഒരു അപേക്ഷയിൽ കുറഞ്ഞത് 10 പേജുിളിലെ റിപ്പോർട്ട് വേണ്ടിവരും. അപേക്ഷ കൂടുതലുള്ള വില്ലേജുകളിൽ കൂടുതൽ പേരെ നിയമിച്ച് ജോലി പൂർത്തീകരിക്കണം
- ജീവനക്കാർ