
ഹരിപ്പാട് : അപ്പർകുട്ടനാട്ടിലും ഓണാട്ടുകരയിലും ഇരുപ്പൂവ് നിലങ്ങളിലെ നെൽകൃഷിക്കും എള്ള് കൃഷിയ്ക്കും കരകൃഷികൾക്കും വേണ്ട ജലസേചനം സുഗമമാക്കാൻ വിഭാവനം ചെയ്ത പമ്പ ഇറിഗേഷൻ പദ്ധതി നാട്ടുകാർക്ക് ശാപമായി മാറി. കായംകുളം പത്തിയൂരിൽ നിന്ന് ആരംഭിച്ച് ഹരിപ്പാട് പിള്ളത്തോട്ടിലാണ് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി) കനാൽ അവസാനിക്കുന്നത്.
കാർഷികോത്പാദനം ഇരട്ടിയാക്കാനായി കോടികൾ ചിലവാക്കി നടപ്പാക്കിയ പദ്ധതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം യാതൊരു ഫലവുമില്ലാതെയായി. നിലവിൽ കാടുകയറിയും മാലിന്യംനിറഞ്ഞും കിടക്കുന്ന പി.ഐ.പി കനാൽ കാരണം നൂറ് കണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നുത്. വലിയ കനാലും അതിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് ചെറിയ കനാലുകളും നിർമ്മിച്ച് അവയിലൂടെ വെള്ളം എത്തിക്കാനായിരുന്നു സംസ്ഥാന ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പദ്ധതി വിഭാവനം ചെയ്തിരുന്നത്. പദ്ധതി വീയപുരം ഭാഗത്ത് അച്ചൻ കോവിലാറിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഹരിപ്പാട് വെട്ടുവേനി തലത്തോട്ട മഹാദേവക്ഷേത്രത്തിന് വടക്ക് പിള്ള തോട്ടിൽ അവസാനിപ്പിച്ചു.
പദ്ധതി പൂർത്തിയായതിനുശേഷം ഉദ്ഘാടനത്തിനായി കനാലിലൂടെ വെള്ളം ഒഴുക്കിയ ആദ്യദിവസം തന്നെ പലസ്ഥലങ്ങളിലും കനാലിൽ വിള്ളലുകളുണ്ടായി. അറ്റകുറ്റ പണികൾക്ക് ശേഷം കനാലിലൂടെ വെള്ളം വീണ്ടും ഒഴുക്കിയെങ്കിലും പഴയനില ആവർത്തിച്ചതോടെ നിർത്തി വച്ച പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായി.
വീടുകളിലേക്കുള്ള വഴിയടഞ്ഞു, ഇഴജന്തുശല്യവും
കനാലിന് ഇരുപുറവും താമസിക്കുന്ന സാധാരണക്കാരായ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്
അവരുടെ വീടുകളിലേക്കുള്ള വഴികൾ അടഞ്ഞു. പലരും ഇതു കാരണം വീടും സ്ഥലങ്ങളും ഉപേക്ഷിച്ചു പോയി
അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കനാലിന് മുകളിലൂടെ ചുമന്ന് എത്തിക്കേണ്ട സ്ഥിതിയാണ്
പ്രാദേശികമായി വലിയ കനാൽ എന്നറിയപ്പെടുന്ന പദ്ധതിയുടെ പല ഭാഗങ്ങളും തകർന്നു
കാടുകയറി ഇഴജന്തുക്കളുടെ ശല്യേ രൂക്ഷംആളുകൾക്ക് മാലിന്യം വലിച്ചെറിയാനുള്ള കേന്ദ്രമാണിപ്പോൾ കനാൽ.
കനാലിന് പകരം റോഡ്
കനാൽ കടന്നു പോകുന്ന വഴിയിലൂടെ റോഡ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അത്തരത്തിൽ ഒരു റോഡ് വന്നാൽ, ദേശീയ പാതയിൽ നിന്ന് കെ.പി റോഡിലേക്ക് എത്തിച്ചേരാനായി ഒരു ബൈപ്പാസായി മാറ്റിയെടുക്കാം. അടൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കായംകുളം പട്ടണത്തിൽ കയറാതെ വഴി തിരിച്ചു വിടാനും കഴിയും.
35 : പദ്ധതി നടപ്പാക്കിയിട്ട് മുപ്പത്തഞ്ച് വർഷം
നാടിന് തീരാ ശാപമായി മാറിയിരിക്കുന്ന കനാൽ പദ്ധതിയെ നാട്ടുകാർക്ക് ഉപകാരമായി മാറ്റാൻ അധികാരികൾ മുന്നോട്ട് വരണം
- നാട്ടുകാർ