ആലപ്പുഴ : നെഹ്രുട്രോഫി വള്ളംകളി ഫൈനൽമത്സരത്തിലെ വിധിതർക്കത്തിൽ ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന പൂർത്തിയായി. വിശദപരിശോധന ടെക്‌നിക്കൽ കമ്മിറ്റി നടത്തും. ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ അടുത്ത യോഗം അന്തിമ തീരുമാനമെടുക്കും.
പരാതി ഉന്നയിച്ചവർ നൽകിയ ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നതിനാൽ തിടുക്കത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ കളക്ടർ അലക്‌സ് വർഗീസ് വ്യക്തമാക്കി. സ്റ്റാർട്ടിംഗ് അടക്കമുള്ള പിഴവുകളെക്കുറിച്ച് പരാതിയുള്ളതിനാൽ ടെക്‌നിക്കൽ കമ്മിറ്റി വിശദപരിശോധന നടത്തും. വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് എന്നിവർ ഫൈനൽ മത്സരത്തിന്റെ കൂടുതൽ തെളിവുകളും ദൃശ്യങ്ങളും പെൻഡ്രൈവിലാക്കിയാണ് കളക്ടർക്ക് കൈമാറിയത്. പരിശോധന പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും വേണ്ടിവരും.
എ.ഡി.എം, ജില്ല ഗവ പ്ലീഡർ, ജില്ല ലാ ഓഫിസർ, എൻ.ടി.ബി.ആർ സൊസൈറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പരാതി ഉന്നയിച്ച ക്ലബുകളുടെയും ചുണ്ടൻവള്ളസമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയും വാദംകേൾക്കലുമാണ് നടന്നത്. കളക്ടർ അലക്‌സ് വർഗീസിന്റെ ചേംബറിൽ ഇന്നലെ വൈകിട്ട് മൂന്നിന് പ്രാഥമികചർച്ച തുടങ്ങി. വീഡിയോദൃശ്യം പ്രദർശിപ്പിക്കുന്നതടക്കമുള്ള വാദംകേൾക്കൽ എ.ഡി.എം ആശ സി.എബ്രഹാമിന്റെ ഓഫീസിലായിരുന്നു. രണ്ടും മൂന്നുംസ്ഥാനം നേടിയ വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് പ്രതിനിധികൾ, എൻ.ടി.ബി.ആർ. സൊസൈറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.
തീരുമാനത്തിൽ പിഴവില്ലെന്ന് വിലയിരുത്തൽ
0.005 സെക്കൻഡ് വ്യത്യാസത്തിൽ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിൽ പിഴവില്ലെന്നാണ് ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ കണ്ടെത്തൽ. ഫിനിഷിംഗ് ലൈനിൽ ആദ്യംതൊടുന്ന ചുണ്ടനെയാണ് വിജയിയായി കണക്കാക്കിയത്. ഇത് വി.ബി.സി കൈനകരിയുടെ പ്രതിനിധികൾ അംഗീകരിച്ചില്ല. ഫിനിഷിംഗ് ലൈൻ കടക്കുന്ന ചുണ്ടനാണ് ഒന്നാംസ്ഥാനമെന്ന് നെഹ്രുട്രോഫി നിയമാവലിയിൽ പറയുന്നുണ്ടെന്നും ഇവർ വാദിച്ചു. സ്റ്റാർട്ടിംഗിലെ പിഴവാണ് ഒന്നാംസ്ഥാനം നഷ്ടമാക്കിയതെന്ന കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയിൽ മത്സരദൃശ്യത്തിന്റെ വീഡിയോയും പരിശോധിച്ചു.