അരൂർ: അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സമുദ്രോത്പന കയറ്റുമതി ശാലയിലുണ്ടായ അമോണിയ വാതകച്ചോർച്ച പരിഭ്രാന്തി പരത്തി. ത്രീസ്റ്റാർ മറൈൻസ് എന്ന കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അമോണിയ ടാങ്കിന്റെ കംപ്രസർ വാൽവിന്റെ ഗാസ്കറ്റ് തകരാറിലായതിനെ തുടർന്നാണ് വാതക ചോർച്ചയുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അരൂർ അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്ന് പ്രത്യേക സുരക്ഷാ സ്യൂട്ട് ധരിച്ച് അമോണിയ ടാങ്കിന്റെ ചോർച്ച പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കി.സ്റ്റേഷൻ ഓഫീസർ ഇൻചാർജ് പ്രവീൺ പ്രഭുവിന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ ഹർഷകുമാർ, ഫയർമാൻ കം ഡ്രൈവർ അനീഷ് ,ഫയർമാൻ ബിജു കെ.ഉണ്ണി, സൂരജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷാ സംവിധാനവുമില്ലാതെ പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ഇതിനു മുമ്പ് പല തവണ അമോണിയ വാതകചോർച്ച ഉണ്ടായിട്ടുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.