
പുതിയത് എന്തിനെയും കൈനീട്ടി സ്വീകരിക്കുമ്പോഴും പഴമയുടെ സൗന്ദര്യത്തെ പടികടത്താൻ മനസില്ലാത്തവരാണ് നമ്മുടെ കോളേജ് വിദ്യാർത്ഥിനികൾ. ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾക്കൊപ്പം ഒരു സംഭാഷണം
സിനിമയും വായനയും പഴയഗാനങ്ങളും ഇഷ്ടപ്പെടുന്ന ഒരുകൂട്ടം വിദ്യാർത്ഥിനികളുണ്ട് ആലപ്പുഴ സെന്റ് ജോസഫ് വനിതാകോളേജിൽ.
ആവേശത്തിലെയുൾപ്പെടെ അടിച്ചുപൊളി പാട്ടുകൾക്കൊപ്പം 'ഒരുപുഷ്പം മാത്രം....' എന്ന ഗാനത്തെയും നെഞ്ചോടു ചേർക്കുകയാണ് ഈ തലമുറ.
പുതിയ സിനിമകൾ കാണാൻ ഇഷ്ടപ്പെടുമ്പോഴും 'വെട്ടം' പോലുള്ള പഴയ സിനിമയ്ക്കും ഇവർക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. ഇനി ഒരിക്കലും അതുപോലുള്ള സിനിമകൾ ഉണ്ടാവില്ലെന്നും ബി.എഹിസ്റ്ററിയിലെ ഷിനിമോൾ പറയുന്നു.
”ക്രൈം ത്രില്ലർ സിനിമകൾ കാണാൻ ഇഷ്ടപെടുന്നവരാണ് ജൂനിയർ, സീനിയർ കുട്ടികളിലേറെയും. സിനിമ കാണാൻ പോകുന്നുണ്ടോ എന്ന് ചോദ്യത്തിന് എ.ആർ.എം എന്ന ത്രീഡി സിനിമയെ കുറിച്ചുള്ള വിവരണത്തോടെയായിരുന്നു ആർഷയുൾപ്പെടെയുള്ള ജൂനിയർ വിദ്യാർത്ഥികളുടെ തുടക്കം.
മൂന്ന് വർഷത്തെയും വിദ്യാർത്ഥികൾ അടങ്ങുന്ന ഡിബേറ്റ് ക്ലബും, നേച്ചർ ക്ലബ്, സയൻസ് ക്ലബ്, മീഡിയ ക്ലബ് , ഹെൽത്ത് ക്ലബ് എന്നിവയും ആന്റി ഹ്യൂമൻ ട്രാഫിക്ക്, വുമൺ സ്റ്റഡി യൂണിറ്റ്സ് ക്ലബും പ്രവർത്തിക്കുന്നുണ്ട്.
ഒരുപ്രശ്നം വന്നാൽ എങ്ങനെ നേരിടുമെന്നതിന് അപ്പോൾ തന്നെ പ്രതികരിക്കുമെന്ന് മറുപടി. പബ്ലിസിറ്റി കൊടുക്കില്ലെന്ന് തമാശ കലർത്തിയൊരു പറച്ചിലും. ഇൻസ്റ്റഗ്രാം പോലുള്ള പുതിയ ആപ്പുകളോടൊപ്പം പ്രതിലിപി എന്ന വായന ആപ്പിനും ഇവരുടെ ഫോണിൽ ഇടമുണ്ട്.
ഹമാര രസികം
സ്വയം തൊഴിലും വരുമാനവും ലക്ഷ്യമിട്ട് കാമ്പസിൽ കുട്ടികൾ തയ്യാറാക്കിയ അച്ചാറുൾപ്പെടെ വിഭവങ്ങളുടെയും ഉത്പന്നങ്ങളുടെയും വിപണിയ്ക്കായി ഒരു ക്ളബ്ബുണ്ട്. 'ഹമാരാ രസികം' എന്നാണ് പേര്. അച്ചാറുകൾ, ഉണക്ക മീൻ, ഹാൻഡ് വാഷ്, സോപ്പ് തുടങ്ങിയവയാണ് ഹമാര രസികം ബ്രാന്റിലുള്ളത്. വിറ്രുവരവിൽ നിന്നുള്ള വരുമാനം വിദ്യാർത്ഥിനികൾക്ക് തന്നെ എടുക്കാം.
റീഡിംഗ് ക്ളബ്ബും വായനാപുരസ്കാരവും
സെന്റ് ജോസഫ് വിമൻസ് കോളേജിൽ വായനയ്ക്ക് മരണമില്ല. മലയാളം ബുക്കുകൾ വായിക്കാൻ ഇഷ്ടപെടുന്നവരാണേറെ. വായനമയെ പരിപോഷിപ്പിക്കാൻ ലൈബ്രറിക്ക് പുറമേ കാമ്പസിൽ റീഡിംഗ് ക്ലബും പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ബുക്കുകൾ എടുത്തവർക്കും വായിച്ചവർക്കും സമ്മാനവുമുണ്ട്.
ബോയ്സ് ഇല്ലാത്തത് ആണ് ഈ കോളേജിന്റെ പ്ലസ് പോയിന്റ് . അതാണ് ഞാൻ ഇവിടെ ചേർന്നത്. യൂണിഫോമിന് ഇളവുള്ള ദിവസം ഏത് തരം വസ്ത്രം ധരിക്കാനും കോളേജിൽ സ്വാതന്ത്ര്യം ഉണ്ട്. ഇത് വരെ നിയന്ത്രണം ഒന്നും ഇല്ല-അനുപമ ,ബി.എ ഇംഗ്ളീഷ് വിദ്യാർത്ഥിനി
“സാമൂഹ്യവിഷയങ്ങളിൽ മീറ്റിംഗ് നടത്തുകയും അതിനെ കുറിച്ച്സംസാരിക്കുകയും ചെയ്യാറുണ്ട്.- ഫാത്തിമ ഹസൻ ( വിദ്യാർത്ഥിനി)
3വർഷത്തെ വിദ്യാർത്ഥികൾ അടങ്ങുന്ന ഗ്രൂപ്പുകൾ സംവാദങ്ങൾ നടത്താറുണ്ട്- അഭിരാമി (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സെന്റ് ജോസഫ് വുമൺസ് കോളേജ്)
വുമൺസ് കോളേജ് ആണെങ്കിലും എല്ലാ കാര്യങ്ങളിലും കുട്ടികൾ മുന്നിൽ ഉണ്ടാവും
- സിസ്റ്റർ ഉഷ ആന്റണി (പ്രിൻസിപ്പൽ )