എം.എൽ.എ രാജിവയ്ക്കണമെന്നും ആവശ്യം
അമ്പലപ്പുഴ: ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ആർ.സജിമോന്റെ ഭാര്യ ജീജയുടെ (33) ചികിത്സാസഹായനിധിയിൽ തട്ടിപ്പ് ആരോപിച്ച് കോൺഗ്രസ്. നിർദ്ധന മത്സ്യത്തൊഴിലാളി കുടുംബത്തിനായി അമ്പലപ്പുഴ എം.എൽ.എ.യും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, ജാതി -മത സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ചേർന്നാണ് ചികിത്സാസഹായ സമിതിക്ക് രൂപം നൽകിയത്.
എച്ച് സലാം എം.എൽ.എ ചെയർമാനായ ജനകീയ സമിതിയിൽ സി.പി.എം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു.രാജുമോൻ കൺവീനറും ആയിരുന്നു. 2021ആഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചത്. അമ്പലപ്പുഴ വടക്കിലെ 1,2, 12, 13, 14, 15, 16, 17, 18 വാർഡുകളിൽ നിന്നും തെക്കിലെ 1,12,14, 15 എന്നീ വാർഡുകളിൽ നിന്നും വീട് ഒന്നിന് മിനിമം 500രൂപ എന്ന നിലയിലായിരുന്നു സമാഹരണം. ഇതിലൂടെ ഇരുപത്തിരണ്ട് ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി എൺപത്തിയഞ്ചു രൂപ സമാഹരിച്ചു.
ഇതിൽ 22350 രൂപ ജനകീയ സമിതിയുടെ പ്രചാരണ ചെലവുകൾക്ക് മാറ്റി ബാക്കി. ബാക്കിത്തുക അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ ജനകീയ സമിതിയുടെ പേരിൽ നിക്ഷേപിക്കാനും ചികിത്സയ്ക്ക് ആവശ്യമായ തുക ഘട്ടങ്ങളായി ചെക്ക് വഴി ജീജയുടെ കുടുംബത്തിനെ ഏൽപ്പിക്കാനുമായിരുന്നു തീരുമാനം. എന്നാൽ, പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക മൂന്നര കൊല്ലത്തിന് ശേഷവും ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല.തുക സ്വകാര്യമായി കൈയിൽവയ്ക്കുകയും ജീജയുടെ ചികിത്സയിൽ വീഴ്ചവരുത്തുകയും ചെയ്ത എച്ച്.സലാം എം.എൽ.എ സ്ഥാനം രാജിവച്ച് മാപ്പ് പറയണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ചികിത്സാസഹായ സമിതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തുവിടണമെന്നുംഅവർ ആവശ്യപ്പെട്ടു.