ആലപ്പുഴ : മൃതദേഹങ്ങൾ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആശുപത്രി,മോർച്ചറി കെട്ടിടങ്ങൾ ബന്ധിപ്പിച്ച് ഇടനാഴി നിർമ്മിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം പ്രാവർത്തികമാക്കുന്നതിലെ വെല്ലുവിളികൾ ചർച്ചയാകുന്നു. ആറുമാസത്തിനകം ഇടനാഴി നിർമ്മിക്കണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം.

മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തുറസായ സ്ഥലത്ത് കൂടെയാണെന്നും ഇതൊഴിവാക്കാൻ രണ്ടുകെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് അമ്പലപ്പുഴ കോമന സ്വദേശി എം.എ.നാസർ സമർപ്പിച്ച പരാതിയിന്മേൽ മനുഷ്യാവകാശകമ്മീഷനംഗം വി.കെ.ബീനാകുമാരിയാണ് ഗവ.ടി.ഡി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്.

ഇടനാഴി നിർമ്മാണം സംബന്ധിച്ച ആലോചനകൾക്ക് സമയമെടുക്കുമെന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ പകരം സംവിധാനത്തെ കുറിച്ചാണ് ആശുപത്രി ആലോചിക്കുന്നത്. മഴയോ വെയിലോ ഏൽക്കാതെ മോർച്ചറിയിലേക്ക് മൃതദേഹം പ്രത്യേകം അടച്ചുറപ്പുള്ള ട്രോളിയിൽ എത്തിക്കാനാണ് ആലോചന.


രണ്ട് നിലയുടെ ഉയരം വേണ്ടിവരും

1.ഉയരമുള്ള ഓക്സിജൻ ടാങ്കർ സഞ്ചരിക്കുന്ന വഴിയിൽ ഇടനാഴി നിർമ്മിക്കണമെങ്കിൽ രണ്ട് നിലയുടെ ഉയരം വേണ്ടി വരും

2.ലിക്വിഡ് ഓക്സിജൻ ടാങ്ക് നിലനിൽക്കുന്ന ഭാഗത്തേക്ക് ടാങ്കറെത്തുന്നതിന് ഈ വഴി മാത്രമാണ് ആശ്രയം

3.ഇടനാഴി നിർമ്മിക്കുന്നതിലെ പ്രയോഗികത ആരാഞ്ഞ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് ആശുപത്രി അധികൃതർ കത്ത് നൽകി

4.പൊതുമരാമത്ത് വകുപ്പിനാണ് ആശുപത്രിയിലെ നിർമ്മാണ പ്രവൃത്തികളുടെ ചുമതല

200

അത്യാഹിതവിഭാഗത്തിൽ നിന്ന് 200 മീറ്റർ ദൂരെയാണ് മോർച്ചറി

അനാദരമെന്ന് ആക്ഷേപം

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കിൽ നിന്ന് ഇടനാഴിയിലെ കെ ബ്ലോക്കിലെത്തിച്ച് പുറത്തിറക്കും. കെ ബ്ലോക്കിൽ നിന്ന് റോഡ് മുറിച്ച് കടന്ന് വേണം മോർച്ചറി കെട്ടിടത്തിലെത്താൻ. പ്രതികൂല കാലാവസ്ഥയിലും മൃതദേഹം തുറസ്സായി കൊണ്ടുപോകേണ്ടിവരുന്നത് അനാദരവെന്നാണ് പരാതി.

മൃതദേഹത്തോട് യാതൊരു തരത്തിലുള്ള അനാദരവും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പാസേജ് നിർമ്മിക്കുന്നതിൽ ആശുപത്രിക്ക് എതിർപ്പില്ല. പ്രായോഗികത പി.ഡബ്ല്യു.ഡിയാണ് പരിശോധിക്കുക. മൃതദേഹം പൂർണമായി അടച്ച് കൊണ്ടുപോകുന്ന ട്രോളി സംവിധാനം ഏർപ്പെടുത്തും

-ഡോ.എ.അബ്ദുൾ സലാം, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്