ambala

അമ്പലപ്പുഴ: വീൽചെയറും ട്രോളിയും കിട്ടിയില്ല,​ വൃദ്ധമാതാവിനെ തോളിലേറ്റി മൂന്നാം നിലയിലെ ഒ.പി യിലെത്തിച്ച് മകൻ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചീട്ടെടുക്കുന്ന സ്ഥലത്ത് നിന്ന് 74 കാരിയായ പുന്നപ്ര കുറവൻതോട് മാക്കിമുക്ക് സ്വദേശിനി ഹാജിറയെയാണ്

മകൻ ഷമേജ് തോളിലേറ്റി,​ പടികൾ കയറി മൂന്നാം നിലയിലെ നേത്രരോഗ വിഭാഗം

ഒ. പിയിലെത്തിച്ചത്. വീൽചെയറും​ ട്രോളിയും കിട്ടാതെ നാൽപ്പത്തിയഞ്ച് മിനിറ്റോളം ഓട്ടോറിക്ഷയിൽ കിടന്നശേഷമാണ് കിടപ്പുരോഗിയായ ഹാജിറയെയും തോളിലേറ്റി ഷമേജ് മുന്നാം നിലകയറിയത്. വീൽ ചെയറോ, ട്രോളിയോ കിട്ടിയാൽ ഒ.പി ഹാളിനകത്തെ ട്രോമ കെയർ സെന്ററിന് സമീപത്തെ ലിഫ്റ്റിലൂടെ മൂന്നാം നിലയിലെ നേത്ര രോഗ വിഭാഗത്തിലെത്തിക്കാനാകും. വീൽചെയറും ട്രോളിയും ലഭിക്കാത്തത് കാരണം

ആംബുലൻസിലെത്തിക്കുന്ന രോഗികൾക്ക് മണിക്കൂറുകളോളം ഇവിടെത്തന്നെ കഴിയേണ്ടി വരുന്നതും നിത്യസംഭവമാണ്. വീൽചെയർ ലഭിച്ചാൽ തന്നെ ജീവനക്കാർ വരാറില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.

ആകെയുള്ളത് 2വീൽചെയറും 1ട്രോളിയും

രണ്ട് വീൽ ചെയറും ഒരു ട്രോളിയുമാണ് ഒ.പി വിഭാഗത്തിൽ ആകെയുള്ളത്. വീൽചെയറിൽ രോഗിയുമായി ഒ.പിയിലെത്തി ഡോക്ടറെ കാണിച്ച് തിരികയെത്താൻ മണിക്കൂറുകൾ എടുക്കും.

ഇതാണ് ട്രോളി ലഭിക്കാനുള്ള കാലതാമസം. ഓർത്തോ, ശസ്ത്രക്രിയ, പീഡിയാട്രിക് എന്നീ ഒ.പികൾ മാത്രമാണ് താഴത്തെ നിലയിലുള്ളത്. ഇ.എൻ.ടി, വൃക്കരോഗം, ദന്തരോഗം എന്നിവ രണ്ടാം നിലയിലും,​ നേത്രരോഗ ഒ.പി മൂന്നാം നിലയിലുമാണ് പ്രവർത്തിക്കുന്നത്. അതിനാൽ,​

കൂടുതൽ വീൽ ചെയറുകളും ട്രോളികളും ലഭ്യമാക്കുകയും, ആവശ്യമായ ജീവനക്കാരെ ഇതിനായി നിയോഗിക്കുകയും വേണമെന്നതാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.