
കായംകുളം: ഓച്ചിറ പരബ്രഹ്മ സങ്കേതത്തിൽ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ കൊല്ലം സബ്കളക്ടർ നിശാന്ത് സിൻഹാരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സുരക്ഷിതമായി ഉത്സവം നടത്തുന്നതിനുള്ള നടപടികൾസ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
ഉത്സവത്തിന്റെ ഭാഗമായ കെട്ടുരുപ്പടിയോടൊപ്പം ഡി.ജെ പാർട്ടി, പ്രോപ് എന്നിവ കർശനമായി ഒഴിവാക്കും. ഓരോ ഉരുപ്പടിയോടൊപ്പവും അഗ്നിശമനോപാധികൾ, സി.സി.ടി.വി എന്നിവ ഉണ്ടായിരിക്കണം. കെട്ടുരുപ്പടികൾ എല്ലാം കൃത്യ സമയത്ത് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് ഓച്ചിറ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികൾ, കാളകെട്ട് സമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കന്നിമാസത്തിലെ തിരുവോണം നാളിൽ കാർഷിക പാരമ്പര്യത്തിന്റെ ഓർമ പുതുക്കി
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളിൽനിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ നന്ദികേശരൂപങ്ങൾ പടനിലത്തേക്ക് എത്തും. ചുവപ്പും വെള്ളയും നിറങ്ങളിലാണ് നന്ദികേശ രൂപങ്ങൾ. ഇതിൽ ചുവപ്പ് പരമശിവനായും വെള്ള പാർവതിയായും സങ്കല്പ്‌പിച്ചാണ് ഒരുക്കുന്നത്.