
ആലപ്പുഴ /മുഹമ്മ : കലവൂർ സുഭദ്ര വധക്കേസിലെ മൂന്നാം പ്രതി മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡിനെ (61) നാല് ദിവസത്തേക്ക് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രതിയെ കൊലപാതകം നടന്ന കോർത്തുശേരിയിലെ ശർമിളയുടെയും മാത്യൂസിന്റെയും വാടക വീട്ടിലെത്തിച്ചു തെളിവെടുത്തു. സുഭദ്രയ്ക്ക് നൽകാനായി ഒന്നും രണ്ടും പ്രതികളായ എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമ്മിള (52), ഭർത്താവ് ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവർക്ക് മയക്കുഗുളിക കൈമാറിയത് റെയ്നോൾഡാണ്.
വിഷാദരോഗിയായ മകൻ കഴിക്കുന്ന മരുന്നാണ് റെയ്നോൾഡ് പ്രതികൾക്ക് നൽകിയത്. ഉറക്കഗുളികകൾ മെഡിക്കൽ കോളേജിൽ നിന്ന് നൽകിയതാണെന്നാണ് റെയ്നോൾഡിന്റെ മൊഴി. പൊലീസ് ഇത് പൂർണമായി വിശ്വസത്തിലെടുത്തിട്ടില്ല. വരും ദിവസങ്ങളിൽ വിശദമായി ചോദ്യംചെയ്യും. തിങ്കളാഴ്ച്ച രാവിലെ പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കും. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബു, മണ്ണഞ്ചേരി സി.ഐ എം.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊന്നുകുഴിച്ചു മൂടി ആഭരണങ്ങൾ കവർന്നുവെന്നാണ് കേസ്. റെയ്നോൾഡിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തിനാണ് കലവൂർ കോർത്തുശേരിയിലെ വാടകവീട്ടിൽ കുഴിച്ചുമൂടിയ നിലയിൽ സുഭദ്രയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.