
മാന്നാർ : പൊടിയും ചെളിയും പിടിച്ച് അക്ഷരങ്ങളും ചിഹ്നങ്ങളും മറഞ്ഞുപോയ ദിശാ സൂചക ബോർഡുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ മാതൃകയായി. പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനാംഗങ്ങളായ ഷോൺ സാം, ഷാരോൺ തോമസ്, അഖിൽ ചാക്കോ, നോയൽ രാജു എന്നിവരാണ് മാന്നാർ വീയപുരം റോഡിൽ തൃക്കുരട്ടി ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് പാവുക്കര പള്ളി വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ദിശാ സൂചക ബോർഡുകൾ, ഗതാഗത സുരക്ഷക്കായി സ്ഥാപിച്ച കോൺവെക്സ് മിററുകൾ എന്നിവ തുടച്ച് വൃത്തിയാക്കിയത്.
കഴിഞ്ഞവർഷം ഗാന്ധിജയന്തി ദിനത്തിൽ റോഡിന്റെ വശങ്ങളിലുള്ള കാടുകൾ വെട്ടിത്തെളിച്ചായിരുന്നു ഇവരുടെ സേവനപ്രവർത്തനം. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ വാഹനംനിർത്തി വഴിചോദിക്കുന്നത് പതിവായതോടെയാണ് ഇക്കുറി ദിശാ സൂചക ബോർഡുകൾ വൃത്തിയാക്കണമെന്ന ചിന്ത ഉദിച്ചത്. അഖിൽ ചാക്കോ ഇലക്ട്രിക്കൽ ഡിപ്ലോമ വിദ്യാർത്ഥിയും ഷാരോൺ തോമസ് ക്വാളിറ്റി കൺട്രോളർ ഡിപ്ലോമ വിദ്യാർത്ഥിയും ഷോൺ സാം നായർസമാജം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയും നോയൽ രാജു നായർസമാജം ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. വിദ്യാർത്ഥികളെ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം ഭാരവാഹികളും ഇടവക വികാരി ഫാ.ജോർജ് വർഗീസും അഭിനന്ദിച്ചു.