laksmiyute-kathakali-

മാന്നാർ : സ്കൂൾ കാലഘട്ടത്തിനുശേഷം നടക്കാതിരുന്ന നൃത്തപഠനം മകളുടെയും ഭർത്താവിന്റെയും മകളുടെയും പിന്തുണയിൽ സാദ്ധ്യമാക്കിയ വീട്ടമ്മയ്ക്ക് ഇന്ന് കഥകളിയിൽ അരങ്ങേറ്റം. ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് ഇരമത്തൂർ വലിയ പടിഞ്ഞാറേതിൽ ലക്ഷ്മി ജയൻ അരങ്ങേറ്റം കുറിക്കുന്നത്.

ചെറുപ്പം മുതലേ നൃത്തത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ലക്ഷ്മിക്ക് നൃത്തപഠനം സാദ്ധ്യമായത് ഇപ്പോഴാണ്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഏകമകൾ അപർണയാണ് അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിന് വഴി തുറന്നത്. മാവേലിക്കര പോസ്റ്റൽ മാസ്റ്ററായ ഭർത്താവ് ജയചന്ദ്രന്റെ പിന്തുണ കൂടിയായപ്പോൾ ലക്ഷ്മി കാലുകളിൽ ചിലങ്ക കെട്ടി. ഭരതനാട്യം പഠിക്കണമെന്ന മോഹവുമായി രണ്ടുവർഷം മുമ്പ് മാന്നാർ പേങ്ങാട്ടുമഠം കലാഗൃഹത്തിലെത്തി. നൃത്താധ്യാപിക ആർ.എൽ.വി രശ്മി സന്തോഷിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു വരവേ ഒരു വർഷം മുമ്പാണ് കഥകളിയോട് കമ്പം തോന്നിയത്. പേങ്ങാട്ടുമഠത്തിൽ കഥകളി അഭ്യസിപ്പിക്കുന്ന കലാമണ്ഡലം അരുൺകുമാറിന്റെ ശിക്ഷണത്തിൽ കഥകളിയും സ്വായത്തമാക്കി. ഒപ്പം വയലിനിലും ഒരു കൈ നോക്കുന്നു. മാവേലിക്കര വേദവ്യാസനാണ് വയലിനിൽ ഗുരു.

നൂറനാട് പടനിലം കച്ചേരിവടക്കേതിൽ പരേതനായ കെ.എസ്.ഇ.ബി. എൻജിനീയർ വിശ്വംഭരൻ പിള്ളയുടെയും സതിയമ്മയുടെയും മകളാണ്. ഇരമത്തൂരിൽ ഭർതൃഗൃഹത്തിനു സമീപം പൂർണ്ണിമ ഹെർബൽ ബ്യൂട്ടിക്ലിനിക്ക് എന്ന സ്ഥാപനം മുമ്പ് നടത്തിയിരുന്നു. ഈ സ്ഥാപനം ഇപ്പോൾ വീട്ടിൽ തന്നെ നടത്തുന്ന ലക്ഷ്മി അടുത്ത വർഷം മേയ് മാസത്തിൽ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര സന്നിധിയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്താനുള്ള പരിശ്രമത്തിലാണ്.