മാസ്ക്, കൈയുറ തുടങ്ങിയ സൗകര്യങ്ങൾ പോലും ലഭിക്കാതെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ ശുചീകരണ ജോലികൾ നടത്തുന്നവർ പണിയെടുക്കുന്നത്. കൈയുറയും ചൂലും ഉൾപ്പെടെ തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നെടുത്താണ് ഇവർ വാങ്ങുന്നത്. 25വർഷം വരെ സർവീസുള്ള കരാർ തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്
ആലപ്പുഴ : സമയം ഉച്ചയ്ക്ക് 11.30. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഒരു കൈയിൽ ചൂലും മറുകൈയ്യിൽ പ്ളാസ്റ്റിക് ചാക്കുമായി കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ശുചീകരിക്കുകയാണ് ആലപ്പുഴ സ്വദേശിനികളായ സ്ത്രീ തൊഴിലാളികൾ. യാത്രക്കാർ ഉപേക്ഷിച്ചുപോയ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുമ്പോൾ രക്ഷനേടാൻ ഒരു മാസ്ക് പോലും ഇവർക്ക് ലഭിച്ചിട്ടില്ല. ജോലി കൃത്യമായി ചെയ്യുമ്പോഴും തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഈ കൃത്യതയില്ലെന്ന് ഇവർ പറയുന്നു. ഓണക്കാലത്ത് ബോണസ് ലഭിച്ചില്ല. ആരോഗ്യസംരക്ഷണത്തിന് കൈയ്യുറ നൽകിയിട്ട് വർഷങ്ങളായി. കരാർ തൊഴിലാളികളായതിനാൽ ഇവരുടെ കാര്യത്തിൽ ആർക്കും വലിയ ശ്രദ്ധയില്ല. 520രൂപയാണ് ഇപ്പോൾ ദിവസവേതനമായി നൽകുന്നത്. കഴിഞ്ഞ സെപ്തംബർ മുതൽ ഇത് 620രൂപയായി വർദ്ധിപ്പിച്ചെങ്കിലും കിട്ടി തുടങ്ങിയിട്ടില്ല. 25വർഷം വരെ സർവീസുള്ള തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഓണത്തിന് പ്ളാറ്റ്ഫോം ക്ളീനിംഗ് തൊഴിലാളികൾക്ക് ബോണസ് നൽകിയെങ്കിലും ട്രെയിനുകളിലെ ശുചീകരണ തൊഴിലാളികൾക്ക് അതും കിട്ടിയില്ല. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യമുണ്ട്.
31 തൊഴിലാളികൾ
മൂന്ന് ട്രെയിനുകളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നത് . ധൻബാദ്, കണ്ണൂർ, ചെന്നൈ എക്സ്പ്രസുകൾ. ഇവ ശുചീകരിക്കാൻ ആകെ 31 തൊഴിലാളികളുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി. കണ്ണൂർ, ചെന്നൈ ട്രെയിനുകളുടെ ക്ളീനിംഗ് കരാർ എടുത്തിട്ടുള്ളത് ആന്ധ്രയിലുള്ളതും ധൻബാദിന്റെ ക്ളിനിംഗ് കരാർ എടുത്തത് ചെന്നൈയിലുള്ളതുമായ കമ്പനിയുമാണ്.
യൂണിഫോം കിട്ടിയിട്ട് 7വർഷം
 തൊഴിലാളികൾക്ക് കൈയ്യുറ, യൂണിഫോം,ചൂൽ, ബക്കറ്റ്, മാലിന്യം ശേഖരിക്കാനുള്ള ചാക്ക് എന്നിവ കരാറുകാരൻ നൽകേണ്ടതാണ്
 എന്നാൽ ഇവ തൊഴിലാളികൾക്ക് കിട്ടിയിട്ട് ഏഴു വർഷം കഴിഞ്ഞു. ചൂൽ പോലും കൈയിൽ നിന്ന് വിലകൊടുത്തുവാങ്ങുകയാണ്
 റെയിൽവേയുടെ ആരോഗ്യ വിഭാഗം ആറ് മാസത്തിൽ ഒരിക്കൽ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തുന്നതാണ് ആശ്വാസം
 ചാക്ക് ബക്കറ്റ്, അണുനശീകരണ ലായനി എന്നിവ തൊഴിലാളികൾ മാസംതോറും വേതനത്തിൽ നിന്നാണ് വാങ്ങുന്നത്
ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം: 520രൂപ
തൊഴിലാളികൾക്ക് വേതനവും യൂണിഫോറം ഉൾപ്പെടെയുള്ളവയും നൽകേണ്ടത് കരാറുകാരനാണ്
- റെയിൽവേ അധികൃതർ