അമ്പലപ്പുഴ: ബംഗളൂരുവിൽ ഏജന്റുമാരുടെ മർദ്ദനത്തിനിരയായ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥി ആദിൽ ഷിജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജി-അജീന ദമ്പതികളുടെ മകനായ ആദിൽ ബംഗളൂരുവിലെ ശുഷൃതി നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയാണ്.
ഈ കോളേജിലെ മലയാളികളായ 3 ഏജന്റുമാരാണ് ആദിലിനെ മർദ്ദിച്ചത്. സുഹൃത്തുക്കളായ മൂന്നുവിദ്യാർത്ഥികൾക്ക് മറ്റൊരു കോളേജിൽ അഡ്മിഷന് വേണ്ടി മറ്റ് ഏജന്റുമാരെ പരിചയപ്പെടുത്തിയതാണ് മർദ്ദനത്തിന് കാരണം.
കഴിഞ്ഞ 3ന് ആദിലിനെയും കരുനാഗപ്പള്ളി സ്വദേശി ഷെറിനേയും ഏജന്റുമാർ ഓഫീസിലേക്ക് വിളിപ്പിച്ചു. തുടർന്ന്,മറ്റൊരു കോളേജിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ എടുത്തു കൊടുത്തത് എന്തിനാണെന്ന് ചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുവരേയും കസേരയിൽ കെട്ടിയിട്ട് കാൽപാദങ്ങളിൽ ഉരുളൻ തടികൊണ്ട് മർദ്ദിച്ച് അവശനാക്കി. ദേഹമാസകലം തുണി കെട്ടിവച്ചു മർദ്ദിച്ചു. ശരീരത്ത് പാടുകൾ വീഴാത്ത തരത്തിലായിരുന്നു മർദ്ദനം. രാത്രിയോടെ ഭക്ഷണം കൊടുത്ത് പൂട്ടിയിട്ടു. അടുത്ത ദിവസം ഉച്ചകഴിഞ്ഞാണ് ഇരുവരെയും മുറിയിൽ കൊണ്ടാക്കിയത്.
തുടർന്ന്,മറ്റൊരു കോളേജിലെ ഏജന്റിന്റെ സഹായത്തോടെ ആദിൽ നാട്ടിലേക്ക് എത്തുകയായിരുന്നു. ഷെറിൻ കൂടെ പോരാൻ തയ്യാറായില്ല. അതിനിടെ,ആദിലിന്റെ പിതാവ് ഷിജി എസ്.പിയ്ക്കു പരാതി നൽകി. മുഖ്യമന്ത്രിക്കും ഉടൻ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിയും
കഞ്ചാവ് ഉപയോഗിക്കുമെന്നും മറ്റ് കോളേജുകളിലേക്ക് 15 പേർക്ക് അഡ്മിഷനുകൾ ശരിയാക്കി കൊടുത്തെന്നും എഴുതി വാങ്ങി. ഇക്കാര്യം നാട്ടിൽ അറിയിക്കരുതെന്ന് പറഞ്ഞ് ഫോണും ഐ.ഡി കാർഡും വാങ്ങിയാണ് ഏജന്റുമാർ പോയതെന്നും നഗ്നചിത്രങ്ങൾ പകർത്തിയെന്നും ആദിൽ പറഞ്ഞു.