ambala

അമ്പലപ്പുഴ: ഒരുദേശത്തിന്റെ രാജപാതയായിരുന്ന ഈര തോട് ഇന്ന് മരണശ്വാസം വലിക്കുകയാണ്. കേവുവളളങ്ങൾ മുതൽ കൊതുമ്പുവള്ളങ്ങൾ വരെ വന്നു പോയിരുന്ന ഈ ജലാശയം മാലിന്യം നിറഞ്ഞ്,​ ഒഴുക്ക് നിലച്ച് ഇപ്പോൾ നിശ്ചലമാണ്.

കയറും മീനുമായി കിഴക്കോട്ടും, മലഞ്ചരക്കുമായി തീരപ്രദേശത്തേക്കും വരുന്നു പോകുന്ന വള്ളങ്ങളും കച്ചവടക്കാരെയും കൊണ്ട് ശബ്ദമുഖരിതമായിരുന്നു ഇവിടമെന്ന് പഴമക്കാർ പറയുന്നു.എന്നാൽ,​ വീതി കുറഞ്ഞ് ആഫ്രിക്കൻ പായലും പ്ലാസ്റ്റിക്, ഖരമാലിന്യവും, പാടശേഖരങ്ങളിൽ നിന്നുള്ള കീടനാശിനികളും ചേർന്ന് വിഷവാഹിയായി മാറിക്കഴിഞ്ഞു ഈര തോട്. വീടുകളിൽ നിന്നുള്ള മലിന ജലപൈപ്പുകളും ഓടകളും ഈതോട്ടിലേയ്ക്കാണ് തുറന്നിരിക്കുന്നത്. നനയ്ക്കാനും കുളിക്കാനും കൃഷിയാവശ്യത്തിനും ഉപയോഗിച്ചിരുന്ന ഈ തോട്ടിലെ വെള്ളം ഇപ്പോൾ

കൈ കൊണ്ട് തൊടാൻ പോലും കഴിയാത്ത നിലയിലാണ്.

റോഡിന് വീതി കൂടി,​ തോടിന് കുറഞ്ഞു

1.പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വടക്കേ അറ്റം കപ്പക്കട താഴ്ചയിൽ നിന്ന് തുടങ്ങി കിഴക്കോട്ട് പൂന്തിരം പൂക്കൈത ആറ്റിലാണ് ഈര തോട് ചേരുന്നത്. ഒരുകാലത്ത് കുട്ടനാടിലെ ഉൾപ്രദേശങ്ങളിൽ നിന്ന് തേങ്ങയും കപ്പയും വാഴക്കുലകളുമടക്കം പുന്നപ്ര ദേശീയ പാതയിലെത്തിച്ചിരുന്നത് ഈ തോട്ടിലൂടെയായിരുന്നു

2.എന്നാൽ,​ പ്രതാപം നഷ്ടപ്പെട്ട ഈരേ തോട് മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു. നീരൊഴുക്ക് നിലച്ച് പോളയും പായലും നിറഞ്ഞ് കാട് പിടിച്ചതോടെ ചെറുവള്ളങ്ങൾക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇഴജന്തുക്കളുടെ താവളമായതോടെ സമീപത്തെ വീട്ടുകാരും ഭീതിയിലാണ്

3.വർഷങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ആഴം കൂട്ടിയെങ്കിലും അധികം താമസിയാതെ തോട് പഴയ അവസ്ഥയിലേക്ക് പോയി. ഇടക്കിടെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പോള നീക്കം ചെയ്യാറുണ്ടെങ്കിലും അടിത്തട്ടിലെ ചെളിനീക്കം ചെയ്യുകയോ, ആഴം കൂട്ടുകയോ ചെയ്യാത്തതാണ് ഒഴുക്ക് നിലയ്ക്കാൻ കാരണം.

റോഡിന്റെ വീതി കൂട്ടിയപ്പോൾ തോടിന്റെ വീതിയും കുറഞ്ഞു

ദുർഗന്ധം വമിച്ച് കൊതുകിന്റെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഈര തോട്. മാലിന്യവും പോളയും നിറഞ്ഞ് രോഗവാഹിയായി മാറിക്കഴിഞ്ഞു. ഇഴജന്തു ശല്യവും രൂക്ഷമാണ്

- പ്രസാദ്,​ സമീപവാസി