ആലപ്പുഴ: നെല്ലിന്റെ സംഭരണവിലയുടെ പ്രഖ്യാപനം വൈകുന്നതിനൊപ്പം വിളവിലുണ്ടായ കുറവും രണ്ടാംകൃഷിയിൽ കർഷകരെ ആശങ്കയിലാക്കുന്നു. ഉഷ്ണതരംഗത്തിൽ പുഞ്ചകൃഷിയിലുണ്ടായ 500കോടിയുടെ നഷ്ടത്തിന് പിന്നാലെ രണ്ടാംകൃഷിയിലും നെല്ലുത്പാദനം കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാണ്.

എടത്വ കൃഷി ഓഫീസ് പരിധിയിൽ വരുന്ന പാടശേഖരങ്ങളിലെ വിളവെടുപ്പിലാണ് ഉത്പാദനക്കുറവുണ്ടായത്. എടത്വ കൃഷിഭവൻ പരിധിയിലെ വടകരഇടശേരി വരമ്പിനകം, ദേവസ്വം വരമ്പിനകം, തായങ്കരി ചിറക്കടവം , ചുങ്കം- ഇടച്ചുങ്കം പാടശേഖരങ്ങളിലായി 528.94 ഏക്കറിലെ കൊയ്ത്താണ് പൂർത്തിയായത്. 289 കർഷകരിൽ നിന്നായി 390.12 ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞ സീസണിൽ ഈ നാല് പാടശേഖരങ്ങളിൽ നിന്ന് 468.93 ടൺ നെല്ല് കിട്ടിയിരുന്നു.

കിലോഗ്രാമിന് 1.17 പൈസ നിരക്കിൽ താങ്ങുവിലയിൽ കേന്ദ്രം പ്രഖ്യാപിച്ച വർദ്ധനവും സംസ്ഥാന സർക്കാർ നൽകേണ്ട കൈകാര്യചെലവുമുൾപ്പെടെ നെല്ലിന്റെ ഈ സീസണിലെ താങ്ങുവില സംസ്ഥാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നെല്ല് സംഭരണനയം സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ രണ്ടാംകൃഷിയിൽ സംഭരിക്കുന്ന നെല്ലിന്റെ വില എപ്പോൾ കിട്ടുമെന്നതിൽ യാതൊരു വ്യക്തതയും ഇതുവരെയില്ല. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവില ഇനിയും കൊടുത്തുതീർക്കാനുണ്ടെന്നിരിക്കെയാണ് രണ്ടാംകൃഷിയുടെ സംഭരണത്തിൽ വ്യക്തയില്ലാത്തത്.

ഒരേ വിത്ത് ഉപയോഗം വിനയായി

1.കുട്ടനാട്ടിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒരേ നെൽവിത്ത് (ഉമ) കൃഷി ചെയ്യുന്നതാണ് വിളവ് കുറയാൻ കാരണം

2.വരിശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയും വിളവിലെ കുറവിലേക്ക് നയിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു

3.സബ്സിഡി വെട്ടിക്കുറച്ചതിനാൽ രാസവളപ്രയോഗത്തിലുണ്ടായ കുറവും വിളവ് കുറക്കുന്നതിനിടയാക്കി

എടത്വയിലെ നാല് പാടശേഖരങ്ങളിൽ കഴിഞ്ഞ സീസണിലെ വിളവ്

468.93 ടൺ

ഈ കൃഷിയിൽ

390.12 ടൺ

ഒരേ നെൽവിത്ത് തുടർ‌ച്ചയായി കൃഷി ചെയ്യുന്നത് വിളവിനെയും രോഗപ്രതിരോധത്തെയും പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും വിളവ് കുറയാൻ കാരണമായി. വ്യാപകമായി കൃഷിചെയ്യുന്ന ഉമയ്ക്ക് പകരം മറ്റ് നെൽവിത്തുകളും പരീക്ഷിക്കാവുന്നതാണ്

- ഡോ. ഹണി, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം

രണ്ടാം കൃഷിയിൽ പുഞ്ച കൃഷിയേക്കാൾ വിളവ് കുറവാണ്. കൃഷി ഓരോ സീസണിലും നഷ്ടത്തിലേക്കാണ് പോകുന്നത്. നെല്ലിന്റെ വില സംബന്ധിച്ച് സർക്കാർ നയം വ്യക്തമാക്കാത്തതും കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്

-വർഗീസ് , കർഷകൻ