ചേർത്തല : അർത്തുങ്കലിൽ സ്വകാര്യ നഴ്സിംഗ് കോച്ചിംഗ് സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കു നേരേ ശാരീരികവും മാനസികവുമായ പീഡനമെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. അർത്തുങ്കലിൽ പ്രവർത്തിക്കുന്ന സെന്ററിന്റെ ഉടമകൂടിയായ മുഖ്യ പരിശീലകന്റെ നിർദ്ദേശപ്രകാരം ഒരുസംഘം മർദ്ദിച്ചതായി കാട്ടി തിരുവനന്തപുരം സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അർത്തുങ്കൽ പൊലീസിന്റെ അന്വേഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനെത്തുന്നുണ്ട്. അക്കാഡമിയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാണ് ഇവർക്ക് താമസം ഒരുക്കുന്നത്. ഹോസറ്റലിലടക്കം പീഡനമെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ലാസ് മുറികളിൽ ചോദിക്കുന്ന സംശയങ്ങളുടെ പേരിൽ തർക്കമുയർത്തി ക്ലാസിൽ നിന്നും പുറത്തിറക്കി പ്രത്യേക സംഘത്തെ കൊണ്ടു മർദ്ദിക്കുന്നതാണ് രീതിയെന്നാണ് പരാതിയിൽ പറയുന്നത്.
തുടർ പഠന സാദ്ധ്യതകളും നഴ്സിംഗ് ലൈസൻസ് ലഭിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കുമെന്ന ഭീഷണിയടക്കം ഉയർത്തിയാണ് പ്രതികരിക്കുന്ന വിദ്യാർത്ഥികളെ മെരുക്കുന്നത്. പരാതിക്കാരനെ വിളിച്ച് മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വകകരിക്കുമെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.