sc

മുഹമ്മ: തലമുറകൾക്ക് അറിവും ആത്മവിശ്വാസവും പകർന്നുനൽകിയ അദ്ധ്യാപകർ, ഒപ്പം നിന്ന അനദ്ധ്യാപകർ എന്നിവരുടെ ഒത്തുചേരലിന് വേദിയായി മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ സാധാരണമെങ്കിലും,​ ഒരേ വിദ്യാലയത്തിൽ വിവിധ കാലങ്ങളിലായി അറുപത് വർഷത്തിലേറെ വിദ്യ പകർന്ന് പടിയിറങ്ങിയവർ, സ്ഥലം മാറിപ്പോയവർ ഇവരുടെയെല്ലാം കൂടിച്ചേരൽ മണ്ണഞ്ചേരിക്ക് പുതിയ പാഠം പകർന്നു. ഇവരെ കാണാനും ഓർമ്മകൾ പങ്കുവയ്ക്കാനും ശിഷ്യഗണങ്ങൾ കൂടി എത്തിയതോടെ ഗാന്ധിജയന്തി ദിനത്തിലെ സ്നേഹ സംഗമത്തിന് ധന്യതയേറി.

സ്നേഹ സംഗമത്തിൽ 100 ലേറെ പേർ പങ്കാളികളായി. 90 വയസുള്ള മുൻ അദ്ധ്യാപകൻ എൻ.കെ. കുമാരൻ മുതൽ ഈ വർഷം മണ്ണഞ്ചേരി സ്കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിച്ച എം.കെ.സുജാത കുമാരി വരെയുള്ളവരുടെ സാന്നിദ്ധ്യത്താൽ ഒത്തുചേരൽ ധന്യമുഹൂർത്തമായി. കവിത ചൊല്ലിയും വിദ്യാലയ ഓർമകൾ പങ്കുവച്ചും മൺമറഞ്ഞവരെ അനുസ്മരിച്ചും മണിക്കൂറുകളോളം അവർ സ്കൂൾ മുറ്റത്ത് ഒത്തു ചേർന്നു. സദ്യയും ഒരുക്കി. സുവനീറും തയ്യാറാക്കി. വിദ്യാലയത്തിന് ധനസഹായം നൽകി മാതൃക കാട്ടാനും ഇവർ മറന്നില്ല.

മുൻ അദ്ധ്യാപകനും ബാല സാഹിത്യകാരനുമായ മുഹമ്മ രവീന്ദ്രനാഥ് രക്ഷാധികാരിയും മനോഹരൻ നന്ദികാട് ചെയർമാനും ആർ. ഭുവനേന്ദ്രൻ ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹ സംഗമം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി.അജിത് കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സുവനീർ എൻ.കെ. കുമാരന് നൽകി പ്രകാശനം ചെയ്തു. സുരേഷ് ബാബു വാഴോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ മനോഹരൻ നന്ദികാട്, പ്രഥമാധ്യാപിക കെ. ഹഫ്സ, കെ.ഡി. രവി, പി.ജി. വേണു, പി.ടി.എ. പ്രസിഡന്റ് സി.എച്ച്. റഷീദ്, പഞ്ചായത്ത്‌ അംഗം നവാസ് നൈന, പൂർവ വിദ്യാർത്ഥി പ്രതിനിധി ടി. എ. അലിക്കുഞ്ഞ് ആശാൻ, ടി.എ. സ്റ്റാൻലി, ജനറൽ കൺവീനർ ആർ. ഭുവനേന്ദ്രൻ, കെ.എം. വിദ്യാസാഗർ എന്നിവർ സംസാരിച്ചു.