
ആലപ്പുഴ : നഗരത്തിലെ ആറാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം പൂന്തോപ്പ് വാർഡിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനും നഗരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പൂന്തോപ്പ് എസ്.എൻ.ജി.എസ് പ്രാർത്ഥനാ സമിതിക്ക് സമീപം പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനംചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർ പുന്നക്കൽ, എം.ജി.സതീദേവി, ആർ.വിനീത, പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു, കക്ഷിനേതാക്കളായ പി.രതീഷ്, സലിംമുല്ലാത്ത്, കൗൺസിലർമാരായ എ.ഷാനവാസ്, ഗോപിക വിജയപ്രസാദ്, പി.റഹിയാനത്ത്, ക്ലാരമ്മ പീറ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗ്ഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി.പണിക്കർ, ഡോ. പ്രിയദർശൻ, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലാറ, ജിഷ, മനോജ് തുടങ്ങിയവർ സംസാരിച്ചു. പൂന്തോപ്പ് വാർഡ് കൗൺസിലർ ബി.മെഹബൂബ് നന്ദി പറഞ്ഞു. 12 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് നഗരസഭ വിവിധ വാർഡുകളിലായി ആരംഭിക്കുന്നത്. പൂന്തോപ്പ് വാർഡിന് പുറമേ കിടങ്ങാംപറമ്പ്, ഇരവുകാട്, വലിയമരം, പവർഹൗസ്, വഴിച്ചേരി എന്നിവിടങ്ങളിലും ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലഭിക്കുന്ന സേവനം
ജനറൽ ഒ.പി, ലബോറട്ടറി, ജീവിതശൈലി രോഗ നിർണ്ണയം, ഗർഭിണികളുടെയും, കുട്ടികളുടെയും ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കൽ സേവനങ്ങൾ കൂടാതെ സ്‌പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലി കമ്മ്യൂണിക്കേഷൻ സൗകര്യം, ഗുരുതര രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിച്ച് തുടർ ചികിത്സാനിർദ്ദേശങ്ങളും, റഫറൽ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗർഭകാല പരിചരണം സുഗമമായി നടപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ സേവനങ്ങളും ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാണ്. ഉച്ചക്ക് 1മുതൽ 7 മണിവരെ ഒ പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, സപ്പോർട്ടിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ എന്നിവരെയാണ് പ്രാഥമിക ഘട്ടത്തിൽ സജ്ജമാക്കിയിട്ടുള്ളത്.