# എസ്.ബി.ഐ 88,​ സിയാൽ 50 ലക്ഷം അനുവദിച്ചു

ആലപ്പുഴ : മെഡിക്കൽ കോളേജിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സർക്കാർഇതര സ്ഥാപനങ്ങളുടെ സഹായം തേടുമെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ജില്ലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കഴിയുന്നുണ്ടെങ്കിലും ചില പരിമിതികളുണ്ട്. ചികിത്സാസഹായ ഉപകരണങ്ങളുടെ ക്ഷാമമാണ് അതിൽ പ്രധാനം. സർക്കാരുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. വെന്റിലേറ്റർ സൗകര്യം ഒരുക്കുന്നതിനായി എസ്.ബി.ഐ സഹായിച്ചു. സി.എസ്.ആർ ഫണ്ടിൽ നിന്ന് 88 ലക്ഷം രൂപയാണ് നൽകിയത്. ഇതേ മാതൃകയിൽ ആശുപത്രിയുടെ വികസനത്തിനായി കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ സഹായം എം.പിയെന്ന നിലയിൽ തേടിയിട്ടുണ്ട്. ആശുപത്രിയിലെ പഴയ കെട്ടിടവും പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ബന്ധിപ്പിക്കുന്നതിന് ഒരു കോറിഡോർ സൗകര്യം അനിവാര്യമാണ്. കൂടുതൽ ഡയാലിസിസ് ഉപകരണങ്ങളും ആവശ്യമാണ്. അതിനായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാൽ) അധികൃതരോട് സഹായം ചോദിക്കുകയും അവർ 50 ലക്ഷം രൂപ സാമൂഹ്യ സുരക്ഷാഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള പരിശ്രമം തുടരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.