ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ കായികമേള ഒളിമ്പിക്സ് മോഡലിൽ നടത്താൻ ഉറപ്പിച്ചിരിക്കെ, നടത്തിപ്പിനുള്ള പണം കണ്ടെത്തുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. കായികമേളയ്ക്ക് അരക്കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ജില്ലാമേളക്ക് 10ലക്ഷവും വിദ്യാർത്ഥികളുടെ പങ്കാളിത്തം അനുസരിച്ച് സബ് ജില്ലകൾക്ക് 2 മുതൽ 4ലക്ഷം വരെയും ചെലവ് വരും. കായംകുളം, മാവേലിക്കര, ചേർത്തല സബ്‌ജില്ലകളിൽ 4 ലക്ഷത്തിലധികം കണ്ടെത്തേണ്ടി വരും.
26, 27 തീയതികളിൽ ചേർത്തലയിലാണ് റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നടക്കുന്നത്. ജാവലിൻ ത്രോ, ഹാമർത്രോ, ഡിസക്സ്ത്രോ എന്നീ മത്സരങ്ങൾ 23 ന് വണ്ടാനം മെഡിക്കൽകോളേജ് കായിക ഗ്രൗണ്ടിൽ നടക്കും.
സബ് ജില്ലാതല മത്സരങ്ങൾ 20ന് പൂർത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. അതിന് മുമ്പ് സ്‌കൂൾതല മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, സബ്‌ജില്ല മത്സരങ്ങൾക്ക് പോലും ഒരുരൂപ സർക്കാർ അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സർക്കാർ ഫണ്ട് അപര്യാപ്തമെങ്കിൽ ഓരോ വിദ്യാർത്ഥിക്കും 10 രൂപവീതം പി.ടി.എ ഫണ്ടിൽ നിന്ന് സബ് ജില്ലാതലത്തിൽ നൽകുന്ന കീഴ്‌വഴക്കമുണ്ട്. ഇത്തവണ അതും നടന്നിട്ടില്ല.
ആവശ്യത്തിന് അദ്ധ്യാപകരില്ല
1. പരിശീലനത്തിനും മേളയുടെ സംഘാടനത്തിനും ആവശ്യമായ അദ്ധ്യാപകരില്ലാത്തതും ആശങ്കയാണ്
2 .700സ്‌കൂളുകളുള്ള ജില്ലയിൽ 63കായികാദ്ധ്യാപകരാണുള്ളത്. മേളയ്ക്കായി ജില്ലയ്ക്ക് പുറത്തുള്ള അദ്ധ്യപകരെയും വേണ്ടിവരും
3.ജില്ലയ്ക്ക് വെളിയിൽ നിന്ന് അദ്ധ്യാപകരെ കൊണ്ടുവരുമ്പോൾ ഒരാൾ 1250- 2500 രൂപ പ്രതിദിന അലവൻസ് നൽകണം
4.തുടർച്ചയായ മഴയിൽ പല സ്‌കൂളുകളുടെയും ഗ്രൗണ്ടുകൾ വെള്ളക്കെട്ടിലായത് കായികമേളയ്ക്ക് ഭീഷണിയായിട്ടുണ്ട്
5.സബ് ജില്ലാതല മത്സരത്തിന് തയ്യാറാക്കിയ പ്രധാന ട്രാക്കുകളെല്ലാം മഴകാരണം വെള്ളത്തിലാണ്
ജില്ലയിൽ സ്‌കൂൾ കായികമേള
ചെലവ് : 50ലക്ഷം
മത്സരഇനങ്ങൾ : 40
ഉപജില്ല :11
സ്‌കൂളുകൾ : 500
വിദ്യാർത്ഥികൾ: 3500
സംഘാടകർ : 100
സാമ്പത്തിക പ്രതിസന്ധിയിൽ സംഘാടകർ ബുദ്ധിമുട്ടുന്നതിനാൽ സർക്കാർ വിഹിതം വർദ്ധിപ്പിച്ച് നൽകണം. സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകണം. - ജോസഫ് ജോർജ്, കായികാദ്ധ്യാപകൻ, ബിഷപ്പ് ഹോഡ്ജസ്, എച്ച്.എസ്.എസ്, മാവേലിക്കര